ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിംഗ് ആപ്പ് ആയിരുന്ന ബോബ് വേൾഡിന് നിരോധനം ഏർപ്പെടുത്തി. ആപ്പിലെ വിവരങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് ചേർത്തതായും സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നടപടി.
2021 സെപ്തംബറിലാണ് ബാങ്ക് ഓഫ് ബറോഡ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആരംഭിച്ചത്. സേവിങ്സിനും നിക്ഷേപത്തിനും വായ്പയ്ക്കും ഷോപ്പിംഗിനുമൊക്കെ സഹായകമാകുന്ന രീതിയിലാണ് ആപ്പ് അവതരിപ്പിച്ചത്. എന്നാൽ ബാങ്കിലെ ഉപഭോക്താക്കളെ പുതിയ ആപ്പിലേക്ക് മാറ്റുന്ന ഘട്ടത്തിൽ നിരവധി ക്രമക്കേടുകൾ നടന്നതാണ് വിനയായത്. പല മൊബൈൽ നമ്പരുകളിലേക്കായി ഉപഭോക്താക്കളുടെ അക്കൗണ്ട് ലിങ്ക് ചെയ്തു. ചില അക്കൗണ്ടുകളിൽ ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും നമ്പരുകൾ തന്നെ നൽകി.
ആപ്പിൽ ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ കാണിക്കാൻ വേണ്ടിയായിരുന്നു ഈ രീതിയിൽ ക്രമക്കേട് കാണിച്ചത്. എന്നാൽ ക്രമക്കേട് കണ്ടെത്തിയതോടെ സുരക്ഷാ ഭീഷണിയും ആപ്പിലെ ഡാറ്റ പുറത്ത് ചോരാനുളള സാദ്ധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടു. നേരത്തെ ആർബിഐ ഇടപെട്ട് പുതിയ ഉപഭോക്താക്കളെ ആപ്പിൽ ചേർക്കുന്നത് നിർത്തിവെച്ചിരുന്നു.
ഒടുവിൽ ക്രമക്കേട് പരിഹരിക്കാൻ ബാങ്ക് സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയ സീനിയർ മാനേജർമാർ ഉൾപ്പെടെ 50 ലധികം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.