ന്യൂഡൽഹി: ട്രെയിനുകളിൽ കൂട്ടിയിടി തടയാൻ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിൻ അപകടങ്ങൾ കുറയ്‌ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ റെയിവേ എത്രയുംപെട്ടെന്ന് നടപ്പിലാക്കണമെന്നുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതിയുടെ അഭിനന്ദനം. കഴിഞ്ഞ വർഷം നടന്ന ബലാസോർ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ: വിശാൽ തിവാരിയാണ് ഹർജി സമർപ്പിച്ചത്.
ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് കെ വി വിശ്വനാഥനുമടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ട്രെയിനുകളിൽ ആന്റി കൊളിഷൻ സിസ്റ്റം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രവും ഇന്ത്യൻ റെയിൽവേയും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കവച് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ, റെയിൽ പാളങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനവും ബോധവൽക്കരണവും, അറ്റകുറ്റപണികളിലെ പരിഷ്‌കാരങ്ങൾ എന്നിവയെല്ലാം റെയിൽവേ കൈക്കൊണ്ട നടപടികളാണ്. അതുകൊണ്ട് തന്നെ കവച് സംവിധാനം നടപ്പിലാക്കുന്നതിൽ കേന്ദത്തിന്റെയോ റെയിൽവേയുടെയോ സമീപനത്തെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.
ലോക്കോ പൈലറ്റിന്റെ ഭാഗത്ത് വീഴ്ചയുണ്ടാകുന്ന ഘട്ടങ്ങളിൽ ‘കവച്’ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക് ബ്രേക്കിങ് ഉപയോഗിച്ച് ട്രെയിനിന്റെ വേഗത നിയന്ത്രിക്കാൻ സാധിക്കും. ലോക്കോ പൈലറ്റ് സിഗ്‌നൽ കാണാതെ വരുന്ന സാഹചര്യത്തിലും ട്രെയിൻ അമിത വേഗതയിലാകുമ്പോഴും ഈ സംവിധാനം സഹായകരമാണ്. മോശം കാലാവസ്ഥയിലും മൂടൽ മഞ്ഞുള്ള സാഹചര്യങ്ങളിലും കവച് ട്രെയിനിന്റെ പ്രവർത്തങ്ങൾ നിയത്രിക്കുന്നു. കൂടാതെ ഒരു നിശ്ചിത അകാലത്തിനുള്ളിൽ അതെ പാതയിൽ മറ്റൊരു ട്രെയിൻ വരുന്നത് കണ്ടെത്തിയാൽ രണ്ട് ട്രെയിനുകളും സ്വയം നിൽക്കുന്ന രീതിയിലാണ് കവചിന്റെ രൂപകല്പന.















