ന്യൂഡൽഹി : പഞ്ചാബിൽ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കൊലപ്പെടുത്തിയത് പാകിസ്താനിലെ തീവ്രവാദി മൊഡ്യൂളിന്റെ നിർദേശപ്രകാരമെന്ന് കണ്ടെത്തൽ . മൊഡ്യൂളിലെ രണ്ട് ഭീകരരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മംഗി എന്ന മൻദീപ് കുമാർ, റിക്ക എന്ന സുരീന്ദർ കുമാർ എന്നിവരാണ് അറസ്റ്റിലായത് . 2 പിസ്റ്റളുകൾ, 16 വെടിയുണ്ടകൾ, കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച സ്കൂട്ടർ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
3 ദിവസം മുൻപാണ് നംഗലിൽ വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക പ്രസിഡൻ്റ് വികാസ് പ്രഭാകർ കൊല്ലപ്പെട്ടത് . വികാസിന്റെ കൊലയാളികളെ എത്രയും വേഗം പിടികൂടുന്നതിനായി രൂപ്നഗർ പോലീസ് സംസ്ഥാന സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലുമായി ബന്ധപ്പെട്ട് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു .
പാകിസ്താനിൽ നിന്നും , പോർച്ചുഗലിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന തീവ്രവാദി മൊഡ്യൂളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു . ഈ സംഘത്തിന്റെ ഭാഗമാണ് മന്ദീപും, സുരീന്ദറും . പാകിസ്താനിൽ നിന്നുള്ള ഭീകരരുടെ നിർദേശപ്രകാരമാണ് ഇവർ കുറ്റകൃത്യം ചെയ്തത്.പണം നൽകിയാണ് ഇവരെ കൊണ്ട് കൊലപാതകം നടത്തിച്ചതെന്നും വ്യക്തമായി.