വോട്ട് രേഖപ്പെടുത്തിയെങ്കിൽ ഇവിടെ വരൂ, വിരലിലെ മഷിയടയാളം കാട്ടിയാൽ 20 % ഇളവ്; ആകർഷക ഓഫറുമായി ഡൽഹിയിലെ ഹോട്ടൽ ഉടമകൾ

Published by
Janam Web Desk

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വ്യത്യസ്ത ഓഫറുമായി ഡൽഹിയിലെ ഹോട്ടൽ ഉടമകൾ. 20 ശതമാനം ഡിസ്‌കൗണ്ടാണ് ഇവർ വോട്ട് രേഖപ്പെടുത്തുന്നവർക്ക് നൽകുക. ഡൽഹിയിലെ കരോൾബാഗിലെയും നജഫ്ഗഡിലെയും ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് ഈയൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകളെ വോട്ടു ചെയ്യാൻ പ്രോത്‌സാഹിപ്പിക്കുന്നതിനാണ് വ്യത്യസ്തമായ ആശയവുമായി ഇവർ മുന്നോട്ട് വന്നിരിക്കുന്നത്.

മെയ് 25 നു ആണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. അന്നേദിവസം വോട്ട് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിരലിൽ മഷിയടയാളവുമായി വരുന്നവർക്ക് ഈ ഇളവ് ലഭിക്കും. കരോൾബാഗിലെ ലോഡ്ജിങ് ഹൗസ് ഓണേഴ്‌സ് അസോസിയേഷനും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനുമാണ് വോട്ടവകാശം വിനിയോഗിക്കുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷനും വോട്ടർമാർക്ക് 20 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

“ഓരോ വോട്ടും വിലപ്പെട്ടതാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഇതിനായി പൗരന്മാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനായി കരോൾബാഗ് പ്രദേശത്തെ വ്യാപാരികളോട് ഇത്തരം ആകർഷകമായ ഓഫറുകളുമായി മുന്നോട്ട് വരണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്ന്,” കരോൾബാഗ് മേഖല ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് മിശ്ര പറഞ്ഞു. ഇങ്ങനെയുള്ള സ്പെഷ്യൽ ഓഫറുകൾ നൽകുന്നതിലൂടെ കൂടുതൽ ആളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും അതിലൂടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്കു വഹിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment