സൗജന്യത്തിന് വിടചൊല്ലാനൊരുങ്ങി പ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ). ഇനി മുതൽ ഒരു പോസ്റ്റ് പങ്കിടുന്നതിനൊ, ലൈക്ക്, റിപ്ലൈ , ബുക്ക്മാർക്ക് എന്നിവ ചെയ്യുന്നതിനോ, ഉപയോക്താക്കളിൽ നിന്ന് ഒരു ചെറിയ ഫീസ് ഈടാക്കുമെന്നാണ് കമ്പനിയുടെ ഉടമ എലോൺ മസ്‌ക് നൽകുന്ന സൂചന.
എക്‌സില്‍ ചേരുന്ന പുതിയ ഉപയോക്താക്കൾക്കാണ് പുതിയ നിയമം ബാധകമാകുക. ബോട്ടുകളും വ്യാജ അക്കൗണ്ടുകളും ഇല്ലാതാക്കുന്നതിനും ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് കമ്പനിയുടെ പുതിയ നടപടി എന്നാണ് മസ്‌ക് പറയുന്നത്. നിലവിലെ ‘ക്യാപ്ച്ച’ പോലുള്ള കടമ്പ കടക്കാൻ ബോട്ടുകൾക്ക് സാധിക്കുന്നുണ്ടെന്നും തട്ടിപ്പുകള്‍ കുറയ്‌ക്കാനുള്ള ഏക മാർഗ്ഗം ചെറിയൊരു തുക ഈടാക്കുക മാത്രമാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.
അതേസമയം എത്രതുകയാണ് ഫീസ് ഇനത്തിൽ ഈടാക്കുക എന്ന് മസ്‌ക് വ്യക്തമാക്കിയില്ല. ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും ഇതിനകം ഈ സംവിധാനം അവതരിപ്പിക്കുകയും പ്രതിവർഷം $1 എന്ന നിരക്കിൽ തുക ഈടാക്കുകയും ചെയ്തിരുന്നു.