അഗർത്തല: ത്രിപുരയിലെ സിപിഐഎം സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് സമ്മാനിച്ചത് 13,000 കോടി രൂപയുടെ കടബാധ്യതയെന്ന് മുഖ്യമന്ത്രി മണിക് സാഹ.
2018-മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരായ മണിക് സർക്കാരും ഭാനുലാൽ സാഹയും ത്രിപുര ‘സുവർണ്ണ കാലഘട്ടത്തിലൂടെ കടന്നുപോകുന്നു എന്നാണ് ജനങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. സുവർണ്ണ ദിനങ്ങളുടെ പേരിൽ അവർ അവശേഷിപ്പിച്ച് പോയത് കടബാധ്യത മാത്രമാണെന്നും ഖയേർപൂരിൽ നടന്ന റാലിയിൽ മാണിക് സാഹ കുറ്റപ്പെടുത്തി.
2018ന് ശേഷമാണ് ത്രിപുരയിൽ വികസനത്തിന്റെ വെളിച്ചം എത്തിയത്. കഴിഞ്ഞ ആറ് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ സംസ്ഥാനത്ത് ഹൈവേകളും റെയിൽവേയും നിർമിച്ചു. നിലവിൽ 17 എക്‌സ്പ്രസ് ട്രെയിനുകളാണ് സംസ്ഥാനത്ത് കൂടി ഓടുന്നത്. വന്ദേഭാരത് സർവ്വീസ് നടത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടത് മുന്നണി ഭരിക്കുന്ന കേരളവും സമാന അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ദിവസചെലവിനും ജീവനക്കാരുടെ ശമ്പളത്തിനും കടം വാങ്ങേണ്ട ഗതികേടിലാണ് പിണറായി സർക്കാർ. ഇതിനിടയിലാണ് ത്രിപുരയിലെ കമ്യൂണിസ്റ്റുകാർ വരുത്തിവെച്ച ബാധ്യതയെ കുറിച്ച് മാണിക് സാഹയുടെ പരാമർശം.