അഹമ്മദാബാദിൽ ഗുജറാത്തിനെ ഞെരുക്കി ഡൽഹി ക്യാപിറ്റൽസ്. 17-ാം ഓവറിൽ ഗുജറാത്തിന്റെ പേരു കേട്ട ബാറ്റിംഗ് നിര 89 റൺസിന് പുറത്തായി. 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. ഡൽഹിയുടെ ബൗളർമാരെല്ലാം ഫോമായ മത്സരത്തിൽ ഗുജറാത്ത് ബാറ്റർമാർ വെള്ളം കുടിച്ചു. വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിന്റെ പ്രകടനവും നിർണായകമായി.
ക്യാപ്റ്റൻ ഗില്ലടക്കം ഏഴ് പേരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഗുജറാത്തിന്റെ പതനം പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. വെറ്ററൻ താരം ഇഷാന്ത് ശർമ്മയാണ് ഗുജറാത്തിനെ ആദ്യം ഞെട്ടിച്ചത. 8 റൺസെടുത്ത ഗില്ലിനെ പന്തിന്റെ കൈകളിലെത്തിച്ചാണ് ഇഷാന്ത് തുടങ്ങിയത്.
പാർട് ടൈം സ്പിന്നറായി എത്തിയ ട്രിസ്റ്റൺ സ്റ്റബ്സും രണ്ടു വിക്കറ്റെടുത്തു. ഡൽഹിക്കായി പന്തെറിഞ്ഞ ഒരു ബൗളർമാരും 20 റൺസിലേറെ വഴങ്ങിയുമില്ല. ഇഷാന്ത് ശർമ്മ രണ്ട് വിക്കറ്റെടുത്തപ്പോൾ ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.