വയനാട്: താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. മുക്കം സംസ്ഥാന പാതയിൽ ഉമ്മരത്താണ് സംഭവം. അത്തോളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
താമരശേരി ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അമിത വേഗത്തിലുള്ള ലോറിയെ മറികടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. എതിരെ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അത്തോളി സ്വദേശികളായ ഷമീം, ജസീറ, ആയിഷ, സിയാൻ, ഷിഫ്ര, ഷിബ, സലാഹുദ്ദീൻ എന്നിവർക്കാണ് പരിക്കേറ്റത്.