ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെലോഷിപ്പ് പ്രോജക്ടിലേക്ക് റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്കാണ് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവിലേക്കാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 67,000 രൂപ സ്റ്റൈപ്പൻഡ് ലഭ്യമാകും.
35 വയസാണ് പരമാവധി പ്രായപരിധി. രണ്ട് വർഷത്തേക്കാകും നിയമനം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഇ-മെയിൽ അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് മുഖേനയാകും വിവരം അറിയിക്കുക.
ഡിആർഡിഒയുടെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസമാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡിആർഡിഒയുടെ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം അറ്റാച്ച് ചെയ്ത അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. ‘ഡയറക്ടർ, ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി, സിദ്ധാർത്ഥ നഗർ, മൈസൂർ-570011” എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിലൂടെ മാത്രം സമർപ്പിക്കുക.
ഫുഡ് പ്രൊസസിംഗ് എഞ്ചിനീയറിംഗ് / ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി / ഫുഡ് എഞ്ചിനിയീറിംഗ് എന്നിവയിൽ പിഎച്ച്ഡി ഉള്ള ഉദ്യോഗാർത്ഥിക്കൾക്കാണ് അപേക്ഷിക്കാനാവുന്നത്. അല്ലെങ്കിൽ ഫുഡ് പ്രൊസസിംഗ് എഞ്ചിനീയറിംഗ് / ഫുഡ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി / ഫുഡ് എഞ്ചിനിയീറിംഗ് എന്നിവയിൽ എംടെക്കും മൂന്ന് വർഷത്തെ റിസർച്ച് പരിചയവും എസ് സി ഐ ജേർണലിൽ ഒരു റിസർച്ച് പേപ്പറും ഉള്ളവർക്ക് അപേക്ഷിക്കാം.