ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി പ്രാദേശിക നേതാവിനെ നാഗാ വിഘടന വാദികൾ തട്ടിക്കൊണ്ടുപോയി. ഗ്രാമപഞ്ചായത്ത് ചെയർമാൻ കൂടിയായ സാൻഗം വാങ്‌സുവിനെയാണ് തട്ടിക്കൊണ്ടുപോയത്. സായുധരായി എത്തിയ സംഘം വീട്ടിൽ നിന്ന് തോക്ക് ചൂണ്ടി വാങ്‌സുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും സാൻഗം വാങ്‌സുവിനായി തെരച്ചിൽ ആരംഭിച്ചതായി ക്രമസമാധാന പാലന ചുമതലയുളള പൊലീസ് ഐജി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുളള വിധ്വംസക ശക്തികളുടെ ശ്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അരുണാചൽ പ്രദേശിലെ ചീഫ് ഇലക്ടറൽ ഓഫീസർ പവൻ കുമാർ സെയ്ൻ പറഞ്ഞു.
ലോംഗ്ഡിങ് പുമാവോ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടെ എൻപിപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനായി പ്രദേശവാസികളെ നാഗാ വിഘടനവാദികൾ ഭീഷണിപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. സായുധരായി എത്തുന്ന സംഘങ്ങൾ നിർബന്ധിതമായി ലഘുലേഖകളും മറ്റും നൽകി വോട്ട് ചെയ്യാനായി ഭീഷണിപ്പെടുത്തുകയാണ്. എൻപിപി സ്ഥാനാർത്ഥി താങ് വാങ് വാങ്ഹാമിനെ പിന്തുണയ്‌ക്കണമന്ന് ആവശ്യപ്പെട്ടാണ് ലഘുലേഖകൾ.
സംസ്ഥാനത്തെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗവും ചേർന്നിരുന്നു. സുരക്ഷ ശക്തമാക്കാൻ അസം റൈഫിൾസ് ഉൾപ്പെടെയുളള അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അരുണാചൽ ഈസ്റ്റ് ലോക്‌സഭാ സീറ്റിന്റെ പരിധിയിലാണ് ലോങ്ഡിങ് ജില്ല.
വെളളിയാഴ്ചയാണ് പാർലമെന്റ് സീറ്റുകളിലേക്കും 60 അംഗ നിയമ സഭയിലേക്കും അരുണാചൽ പ്രദേശ് വിധിയെഴുതുന്നത്. നിലവിൽ 10 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.