തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വൈവിധ്യമാർന്ന ചടങ്ങുകളുടെയും വർണക്കാഴ്ചകളുടെയും സമന്വയം കൂടിയാണ് തൃശൂർ പൂരം. ഘടകപൂരങ്ങളുടെ വരവും വെടിക്കെട്ടും വാദ്യമേളങ്ങളും കുടമാറ്റവുമാണ് തൃശൂർ പൂരത്തിന്റെ ആവേശം. ഇതിൽ പ്രധാനപ്പെട്ട 8 ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടക പൂരങ്ങൾ വടക്കുംനാഥന്റെ മണ്ണിൽ എത്തി തുടങ്ങി.
പൂരത്തിന്റെ ആവേശം വാനോളമുയർത്തി കണിമംഗലം ശാസ്താവ് ആദ്യം ക്ഷേത്രത്തിലേക്കെത്തി. 5 മണിയോടെയാണ് കണിമംഗലം ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളപ്പ് പുറപ്പെട്ടത്. വെയിലും, മഞ്ഞും, മഴയും ഏൽക്കാതെ ബൃഹസ്പതി രൂപത്തിലുള്ള ദേവഗുരുവാണ് കണിമംഗലം ശാസ്താവ്. അതിനാൽ വെയിൽ ചൂട് പിടിക്കുന്നതിന് മുമ്പ് തന്നെ ക്ഷേത്രത്തിന്റെ തെക്കേഗോപുരം വഴി കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളപ്പ് അകത്തേക്ക് പ്രവേശിച്ചു. പിന്നാലെ പൂരപ്പെരുമയോടെ ശാസ്താവിന് എഴുന്നള്ളപ്പുമായി വന്ന 10ഓളം ആനകളും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു.
തെക്കേഗോപുരം വഴി പ്രവേശിക്കുന്ന ഏക ഘടകപൂരമാണ് കണിമംഗലം ശാസ്താവ്. വടക്കുംനാഥന് അഭിമുഖമായി കണിമംഗലം ശാസ്താവ് വരാറില്ല. തെക്കേഗോപുരം വഴി പ്രവേശിക്കുമ്പോൾ വടക്കുംനാഥനെ പിന്നിൽ നിന്നും നോക്കിക്കാണുന്നത് പോലെയായിരിക്കും തിടമ്പുണ്ടാവുക. കണിമംഗലം ശാസ്താവ് ദേവഗുരുവാണെന്നാണ് സങ്കൽപം.
ആദ്യ ഘടകപൂരം കാണാനായി ശക്തന്റെ മണ്ണിൽ പതിനായിരക്കണക്കിന് പൂരപ്രേമികളാണ് ഒഴുകിയെത്തിയത്. തിരുവമ്പാടിയും പാറമേക്കാവുമാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ. പരക്കംപള്ളി ശാസ്താവ്, അയ്യന്തോൾ, ലാലൂർ ഘടകപൂരങ്ങളും ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.