ന്യൂഡൽഹി : ഇന്ത്യയുടെ പ്രതിരോധ രംഗത്തെ സുപ്രധാന കൈമാറ്റം ഇന്ന് . ഫിലിപ്പീൻസിലേയ്‌ക്കുള്ള രണ്ടാം ഘട്ട ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ന് കൈമാറ്റം ചെയ്യുമെന്നാണ് റിപ്പോർട്ട് . ദക്ഷിണ ചൈനാ കടൽ വഴിയാണ് വിമാനം ഫിലിപ്പീൻസിലെത്തുക. ചൈനയ്‌ക്കെതിരെയുള്ള പ്രധാന നീക്കം എന്ന നിലയിലാണ് ഫിലിപ്പീൻസിന് മിസൈൽ കൈമാറുന്നത് . ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ യാത്ര ആരംഭിക്കുന്നത് ഇന്ത്യയിലെ നാഗ്പൂരിൽ നിന്നാണ് . ഇന്ത്യൻ എയർഫോഴ്‌സിന്റെ (IAF) സി-17 ഗ്ലോബ്മാസ്റ്റർ വഴിയാകും മിസൈൽ എത്തിക്കുക .
ബ്രഹ്മോസ് മിസൈൽ ഫിലിപ്പീൻസിൽ എത്തിയാലും മുഴുവൻ സംവിധാനവും അടുത്ത ആഴ്ചയോടെയാകും പ്രവർത്തനക്ഷമമാക്കാനാകുക . ഫിലിപ്പീൻസിലെ സായുധ സേനയ്‌ക്ക് മിസൈൽ സംവിധാനത്തിൽ വൈദഗ്ധ്യം നേടാനുള്ള പരിശീലനം നൽകും. ഏപ്രിൽ 19 ന് മിസൈൽ ക്ലാർക്ക് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് സൂചന .വ്യോമയാന പ്രതിരോധ മേഖലയില്‍ തദ്ദേശീയമായി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫിലിപ്പീന്‍സ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ സഹകരണം ഫിലിപ്പീന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്.
റീ-ഹൊറൈസണ്‍ 3 എന്ന പേരില്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ഫിലിപ്പീന്‍സില്‍ പുരോഗമിക്കുകയാണ്.ചൈനയില്‍ നിന്നുള്ള ഭീഷണികളും ഇന്തോ പസഫിക് മേഖലയിലെ പൊതു സുരക്ഷയും കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ഫിലിപ്പീന്‍സുമായുള്ള പ്രതിരോധ പങ്കാളിത്തം തന്ത്രപ്രധാനമാണ്.















