ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ട വിധിയെഴുത്ത് പുരോഗമിക്കുന്നു. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 33.56 ശതമാനമാണ് സംസ്ഥാനത്തെ പോളിംഗ്. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ബംഗാളിൽ പോളിംഗ് മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.
മേഘാലയയിൽ 31.65 ശതമാനം, മധ്യപ്രദേശിൽ 30.46 ശതമാനം, ഛത്തീസ്ഗഢിൽ 28.12 ശതമാനം, മണിപ്പൂരിൽ 27.74 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുള്ളത്.
ആർഎസ്എസ് സർസംഘചാലക് ഉൾപ്പടെ നിരവധി പ്രമുഖരാണ് ആദ്യഘട്ടത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ കരൂർ ഗ്രാമത്തിലെ ഉതുപ്പട്ടി പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ബംഗാളിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളിംഗ് ബൂത്തിലെ ശുചിമുറിയിലാണ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തു. ഇംഫാൽ ഈസ്റ്റിൽ പോളിംഗ് മെഷീനുകൾ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാനായി പൊലീസ് വെടിയുതിർത്തു.
നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിംഗ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. കൂടാതെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയും ജനവിധി തേടുന്നു.