ന്യൂഡൽഹി: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിനെതിരെയുള്ള തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതാപരമായ പിഴവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെറ്റായ കാര്യങ്ങളാണ് സത്യവാങ്മൂലത്തിൽ പറയുന്നതെന്നും കോടതി വിമർശിച്ചു. ജഡ്ജിമാരായ സുധാൻഷു, രാജേന്ദ്ര ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കേസുമായി ബന്ധപ്പെട്ട് വസ്തുത തീരുമാനിക്കുന്നത് ആൻ്റണി രാജു അല്ലെന്നും നേരത്തെ ഇയാളെ അനുകൂലിച്ച സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതാണോ പ്രശ്നമെന്നും കോടതി ചോദിച്ചു. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ വിശദമായ വാദത്തിന് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എല്ലാ കക്ഷികളും ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിയത്.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ അന്ന് ജൂനിയർ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. ഈ കേസ് ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ സമർപ്പിച്ചിരുന്നു.















