ദുബായ്: യുഎഇയിൽ വീണ്ടും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 23ന് മഴയുണ്ടാകുമെന്നാണ് പ്രവചനം. നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ തീവ്രമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അഞ്ചു ദിവസത്തെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച കനത്ത പേമാരിക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. 75 വർഷത്തിനിടെ രാജ്യത്തിന് ലഭിച്ച ഏറ്റവും വലിയ മഴയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ ഒട്ടുമിക്ക എമിറേറ്റുകളിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കാൻ ഇത് കാരണമായി. മഴക്കെടുതിയിൽ നിന്ന് രാജ്യം ഉയർത്തെഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വീണ്ടും മഴയ്‌ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്.













