തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് കുടമാറ്റം. വർണ്ണപ്പോരിൽ തിരുവമ്പാടിയും പാറമേക്കാവും ഒന്നിനൊന്ന് മികച്ചതായി ഏറ്റുമുട്ടിയപ്പോൾ ഇത്തവണത്തെ സർപ്രൈസ് കാഴ്ചയായി എത്തിയത് അയോദ്ധ്യയും രാംലല്ലയും ചന്ദ്രയാനുമൊക്കെയായിരുന്നു. സാമ്പ്രദായിക കുടകൾ വർണം വിതറിയപ്പോൾ മാറ്റുകൂട്ടാനെത്തിയ സ്പെഷ്യൽ/സർപ്രൈസ് കുടകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും വില്ലുകുലച്ച ശ്രീരാമചന്ദ്രനും വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ വർണ്ണക്കാഴ്ചയൊരുക്കി കുടമാറ്റത്തിൽ എത്തി. വടക്കുംനാഥന്റെ മണ്ണിൽ അയോദ്ധ്യാധിപൻ എത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിൽ ജനങ്ങൾ ആർപ്പുവിളിച്ചു. സാമ്പ്രദായിക കുടകൾക്കൊപ്പം സ്പെഷ്യൽ കുടകളായി എൽഇഡി കുടകളും ഇരുനില കുടകളും മറ്റും എത്തിയിരുന്നു. എന്നാൽ എന്നത്തേയും പോലെ പൂരത്തിൽ മാറ്റുരച്ച സർപ്രൈസ് കുടകൾ ഒരിക്കലും വിസ്മരിക്കാനാകാത്ത ദൃശ്യവിരുന്നൊരുക്കി. ശ്രീരാമചന്ദ്രനെ തിരുവമ്പാടി ഉയർത്തിയപ്പോൾ രാംലല്ലയെ ഉയർത്തി പാറമേക്കാവ് വർണവിസ്മയം തീർത്തു.
തൊട്ടുപിന്നാലെ, അയോദ്ധ്യ രാമക്ഷേത്രത്തിന് മുകളിലായി ശ്രീരാമചന്ദ്രൻ നിൽക്കുന്ന ചിത്രമുയർത്തി വീണ്ടും തിരുവമ്പാടി കുടമാറ്റത്തിൽ മുന്നിട്ടുനിന്നു. വാനിലേക്ക് അമ്പെയ്യാൻ നിൽക്കുന്ന ശ്രീരാമനും തിരുവമ്പാടിയുടെ സർപ്രൈസ് വിരുന്നുകളിലൊന്നായി മാറി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ പൂർണമായും ഏറ്റെടുത്ത് കുടമാറ്റത്തിൽ മുന്നിട്ടുനിന്നത് തിരുവമ്പാടിയായിരുന്നു.
നിലവിളക്കിന്റെ രൂപത്തിലും മുയലിന്റെ രൂപത്തിലുമെത്തിയ തിരുവമ്പാടിയുടെ എൽഇഡി കുടകളും വർണക്കാഴ്ചയിൽ മുന്നിട്ട് നിന്നു. പൂരത്തിനെത്തിയ കുഞ്ഞുമനസുകളെ ഹൃദയം കീഴടക്കുന്ന കുടകളായിരുന്നു അത്. ഒടുവിൽ പാറമേക്കാവ് കുടമാറ്റം പൂർത്തിയാക്കി ആനകൾ പിന്നോട്ട് നീങ്ങിയപ്പോഴും തിരുവമ്പാടിയുടെ സർപ്രൈസ് കുടകൾ കഴിഞ്ഞിരുന്നില്ല. തെക്കേ ഗോപുരനടയുടെ മിനിയേച്ചർ രൂപവുമായി വീണ്ടും തിരുവമ്പാടി വിഭാഗമെത്തി. ഒടുവിൽ ആവനാഴിയിലെ അവസാനത്തെ അമ്പായി തിരുവമ്പാടിയെത്തിയത് ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തിയാണ്. രാജ്യത്തിന്റെ അഭിമാന ദൗത്യത്തെ കുടമാറ്റത്തിൽ മാറ്റുരച്ചാണ് ക്ലൈമാക്സിൽ തിരുവമ്പാടി സ്കോർ ചെയ്തത്.