ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ബിജെപിക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ രാജ്യത്ത് 64 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി സമൂഹമാദ്ധ്യമമായ എക്‌സിൽ കുറിച്ചു.
” ആദ്യ ഘട്ടത്തിൽ മികച്ച പ്രതികരണം, വോട്ട് രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി. വോട്ടെടുപ്പിൽ എല്ലാവരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഇന്ത്യയിലുടനീളമുള്ള ആളുകൾ റെക്കോർഡ് എണ്ണത്തിൽ എൻഡിഎയ്‌ക്ക് വോട്ട് ചെയ്യുന്നുണ്ടെന്ന് വ്യക്തമാണ്” പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.
രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും വോട്ടിംഗ് സമാധാനപരമായി നടന്നുവെന്നും, രേഖപ്പെടുത്തിയത് ഉയർന്ന പോളിംഗ് ആണെന്നും തെരഞ്ഞെടുപ്പ് കമ്മഷൻ പ്രതികരിച്ചു. ബംഗാളിലും ത്രിപുരയിലുമാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. ത്രിപുരയിൽ 79.94 ശതമാനവും ബംഗാളിൽ 77.57 ശതമാനവും വോട്ട് രേഖപ്പെടുത്തി. ബിഹാറിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്, 47.74 ശതമാനം.
ബംഗാളിലും മണിപ്പൂരിലെ ചില ഇടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, സിക്കിം, മേഘാലയ, നാഗാലാൻഡ്, മിസോറം, തമിഴ്നാട്, കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇന്നലെ ആദ്യഘട്ടത്തിൽ തന്നെ വോട്ടെടുപ്പ് പൂർത്തിയായി.















