നെതർലൻഡ്‌സ്: ഡച്ചുകാരനിൽ ഏറ്റവും ദൈർഘ്യമേറിയ കോവിഡ് 19 അണുബാധ സ്ഥിരീകരിച്ച് മെഡിക്കൽ സംഘം. 2023 ൽ മരണത്തിനു കീഴടങ്ങിയ 72 കാരനിലാണ് 613 ദിവസം നീണ്ടുനിന്ന കോവിഡ് അണുബാധ സ്ഥിരീകരിച്ചത്. ആംസ്റ്റർഡാം യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകരാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
2022 ഫെബ്രുവരിയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. എന്നാൽ അതിനുമുൻപ് തന്നെ ഇയാൾ രക്ത സംബന്ധമായ മറ്റൊരു രോഗത്തിന് ചികിത്സയിലായിരുന്നു. ഇത് 72 കാരനായ മധ്യ വയസ്കന്റെ രോഗപ്രതിരോധശേഷി ദുർബലമാകുന്നതിനും കാരണമായി. അടുത്തയാഴ്ച ബാഴ്‌സലോണയിൽ നടക്കുന്ന മെഡിക്കൽ ഉച്ചകോടിയിൽ ഗവേഷകർ ഇയാളുടെ കേസ് പഠനം അവതരിപ്പിക്കും.
72 കാരന്റെ ശരീരത്തിൽ കടന്ന വൈറസ് 50 ൽ അധികം തവണ പരിവർത്തനം സംഭവിച്ച് അൾട്രാ മ്യൂട്ടേറ്റഡ് വേരിയന്റ് ആയി രൂപാന്തരം പ്രാപിച്ചു എന്നും ഗവേഷകർ കണ്ടെത്തി. ഒമൈക്രോൺ വേരിയൻ്റ് ബാധിക്കുന്നതിനുമുമ്പ് തന്നെ ഒന്നിലധികം ഡോസ് കോവിഡ് -19 വാക്സിനുകൾ സ്വീകരിച്ചിട്ടും, രോഗിയുടെ പ്രതിരോധ ശേഷി ദുർബലമായിരുന്നു. പ്രധാനപ്പെട്ട കോവിഡ് ആന്റിബോഡി ചികിത്സയായ ‘സോട്രോവിമാബ്’ നൽകി ആഴ്ചകൾക്കുള്ളിൽ തന്നെ വൈറസ് ഇതിനെയും പ്രതിരോധിക്കാനുള്ള ശേഷി നേടിയെടുത്തതും ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു. മുൻപ് ബ്രിട്ടീഷുകാരനായ വ്യക്തിയിൽ 505 ദിവസം കോവിഡ് നീണ്ടുനിന്നത് കണ്ടെത്തിയിരുന്നു. ഇതിനെ മറികടക്കുന്നതാണ് 20 മാസത്തോളം ഡച്ച് പൗരനായ വ്യക്തിയിൽ സ്ഥിരീകരിച്ച രോഗബാധ.















