ടെക്സസ്: രണ്ടുവർഷം മുൻപ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് പത്ത് വയസ്സുകാരന്റെ കുറ്റസമ്മതമൊഴി. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സ്കൂൾ ബസിൽ തന്റെ സഹപാഠിക്ക് നേരെ വധഭീഷണി മുഴക്കിയ കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ അധികൃതർ കുട്ടിയെ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
സ്‌കൂൾ ബസിൽ വച്ചാണ് സഹപാഠിയെ കൊന്നു കളയുമെന്ന് കുട്ടി ഭീഷണി മുഴക്കിയത്. താൻ മറ്റൊരാളേയും ഇതിന് മുൻപ് കൊന്നിട്ടുണ്ടെന്ന് കുട്ടി അവകാശപ്പെട്ടിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 2022 ൽ കൊല്ലപ്പെട്ട ബ്രണ്ടൻ ക്വിൻ റാസ്ബെറി എന്ന 32 കാരന്റെ കൊലപാതകത്തിലെ പ്രതിയാണ് കുട്ടിയെന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. 8 വയസ്സുള്ളപ്പോഴാണ് കുട്ടി കൊലപാതകം നടത്തിയത്.
കുട്ടി പതിവായി മുത്തച്ഛന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു സമീപമുള്ള ആർ വി പാർക്കിലാണ് കൊല്ലപ്പെട്ട റാസ്ബെറി താമസിച്ചിരുന്നത്. രണ്ടു വർഷം മുൻപ് സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലെത്തിയ കുട്ടി ട്രക്കിലെ ഗ്ലോവ് ബോക്സിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ 9 എംഎം പിസ്റ്റൾ കൈക്കലാക്കി. ഇതുമായി ആർവി പാർക്കിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന റാസ്‌ബെറിയുടെ തലയിൽ വെടിയുതിർക്കുകയായിരുന്നു. ശേഷം പിസ്റ്റൾ തിരികെ മുത്തച്ഛന്റെ ട്രക്കിൽ കൊണ്ട് വയ്‌ക്കുകയും ചെയ്തു. കുട്ടി കൊല്ലപ്പെട്ട റാസ്‌ബെറിയെ മുൻപ് കണ്ടിട്ടില്ല, ഇയാളോട് മുൻവൈരാഗ്യവുമില്ലെന്ന് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ടെക്സസിലെ നിയമവ്യവസ്ഥ അനുസരിച്ച് ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നതിന് ഏറ്റവും കുറഞ്ഞ പ്രായപരിധി 10 വയസ്സാണ്. കുറ്റകൃത്യം നടക്കുമ്പോൾ 8 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നതിനാൽ നിലവിൽ കുട്ടിയെ ജുവനൈൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാനസിക നിലയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.















