കണ്ണൂർ: കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ വൃദ്ധയുടെ വീട്ടിലെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കല്യാശ്ശേരിയിലേത് ഒറ്റപ്പെട്ട സംഭവമെന്ന് അദ്ദേഹം പറഞ്ഞു. എല്ലായിടത്തും കള്ളവോട്ട് എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും സിപിഎം പ്രവർത്തകൻ വോട്ട് ചെയ്യാൻ സഹായിച്ചതാണെന്നുമാണ് ജയരാജന്റെ വിശദീകരണം.
“ഭയപ്പാടുള്ളവരാണ് പേടിച്ച് നിലവിളിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരമൊരു ചെറിയ സംഭവത്തെ കേരളത്തിൽ മുഴുവൻ ഇങ്ങനെയാണ് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വളരെ കുറച്ച് പേർ മാത്രമാണ് വീട്ടിലെ വോട്ട് ചെയ്യുന്നത്. അതിന് പോലും ഇത്രമാത്രം പ്രശ്നം സൃഷ്ടിക്കുന്നതിന് പിന്നിൽ ഭയമാണ്. വൃദ്ധയ്‌ക്ക് കണ്ണു കാണാത്തതിനാൽ കാണിച്ച് കൊടുക്കുകയാണ് ചെയ്തത്. കൂടെയുള്ള ആൾ ചിലപ്പോൾ ബന്ധുവായിരിക്കാം”- ഇപി ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 92-കാരിയുടെ വോട്ട് ബൂത്ത് ഏജൻ്റും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ ഗണേശൻ രേഖപ്പെടുത്തിയത്. സംഭവത്തിൽ അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഗണേശൻ ഉൾപ്പടെ ആറ് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വോട്ട് അസാധുവാക്കുമെന്നും റീ പോളിംഗ് സാധ്യമല്ലെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വ്യക്തമാക്കിയിരുന്നു.















