ജക്കാർത്ത : ഇന്തോനേഷ്യയുടെ വിദൂര മേഖലയിലെ മൗണ്ട് റുവാങ് അഗ്നിപർവ്വതം ചൊവ്വാഴ്ച രാത്രി മുതൽ നിരവധി തവണ പൊട്ടിത്തെറിച്ചു. വളരെ ഉയരത്തിൽ ലാവയും ഒരു മൈലിലധികം ചുറ്റളവിൽ പുകയും വ്യാപിച്ചതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെയാണ് സർക്കാർ ഒഴിപ്പിക്കാൻ നിർബന്ധിതരായത്.
വടക്കൻ സുലവേസി പ്രവിശ്യയിലെ സ്ട്രാറ്റോവോൾക്കാനോയായ മൗണ്ട് റുവാങ് ചൊവ്വാഴ്ചരാത്രി 9:45 നും ബുധനാഴ്ച പുലർച്ചെ രണ്ടുതവണയും പൊട്ടിത്തെറിച്ചതായി രാജ്യത്തെ അഗ്നിപർവ്വത, ഭൂമിശാസ്ത്ര ഏജൻസികൾ അറിയിച്ചു . റുവാങ് ദ്വീപിലെ രണ്ട് ഗ്രാമങ്ങളിൽ നിന്ന് നിരവധി ആളുകളെ അടുത്തുള്ള ദ്വീപായ തഗുലാൻഡാങ്ങിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി അൻ്റാര റിപ്പോർട്ട് ചെയ്തു.
ഈ സ്ഫോടനം സുനാമിക്ക് കാരണമായേക്കാവുന്നതാണെന്ന് അധികൃതിതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശിഷ്ടങ്ങൾ വീഴുമെന്ന ഭയത്തെ തുടർന്ന് അടുത്തുള്ള വിമാനത്താവളം അടച്ചിടാനും അധികാരികൾ നിർബന്ധിതരായി.
ചൊവ്വയും ബുധനാഴ്ചയുമായി നാല് തവണ പൊട്ടിത്തെറിച്ചതിന് ശേഷം അടുത്ത 24 മണിക്കൂറിനുള്ളിൽ റുവാങ് പർവതം അര ഡസനോളം തവണ പൊട്ടിത്തെറിച്ചു.
20,000-ത്തോളം ആളുകൾ താമസിക്കുന്ന റുവാങ്, ടാഗുലാൻഡാങ് ദ്വീപിന്റെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതായി അധികൃതർ പറഞ്ഞു.
ഒരു ദിവസം ഒട്ടൊന്നു അടങ്ങിയ അഗ്നിപർവ്വതം വെള്ളിയാഴ്ച വീണ്ടും തീ തുപ്പുകയായിരുന്നു. സമീപഗ്രാമങ്ങളിലേക്ക് ഉരുകിയ പാറകൾ പെയ്തപ്പോൾ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ സർക്കാർ നിർബന്ധിതരായി.
ഉരുകിയ പാറകൾ, ചൂടുള്ള മേഘങ്ങൾ, എന്നിവ ഉൾപ്പെടെ പുറത്തേക്ക് വമിക്കുന്ന ലാവാ പ്രവാഹങ്ങൾ കാരണം റുവാംഗിലെ അഗ്നിപർവ്വത പ്രവർത്തനം “ഇപ്പോഴും അപകടസാധ്യതകളുള്ള തോതിൽ ഉയർന്നതാണ്” എന്ന് അഗ്നിപർവ്വത ഏജൻസി നേരത്തെ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ എല്ലാ താമസക്കാരും മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
കൂടുതൽ സ്ഫോടനങ്ങളുണ്ടായി അഗ്നിപർവ്വതത്തിന്റെ ഭാഗങ്ങൾ കടലിലേക്ക് പതിച്ചാൽ സുനാമിക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പ് തുടരുകയാണ്.
2018 ൽ, ജാവ, സുമാത്ര ദ്വീപുകൾക്കിടയിലുള്ള അനക് ക്രാക്കറ്റോവ പർവതത്തിന്റെ സ്ഫോടനം നിമിത്തം വലിയ പാറക്കഷണങ്ങൾ തുടരെ സമുദ്രത്തിൽ പതിച്ചത് കൊണ്ട് സുനാമി ഉണ്ടായിരുന്നു. ഈ സ്ഫോടനം മൂലം 400 ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
2002-ലായിരുന്നു മൗണ്ട് റുവാങ്ങിന്റെ അവസാനത്തെ വലിയ സ്‌ഫോടനം, അന്ന് ആ ദ്വീപിലെ മുഴുവൻ താമസക്കാരെയും ഒഴിപ്പിക്കേണ്ടി വന്നു.
വിശാലമായ ദ്വീപസമൂഹമായ ഇന്തോനേഷ്യ അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം പതിവായി ഭൂകമ്പവും അഗ്നിപർവ്വത പ്രവർത്തനങ്ങളും അനുഭവിക്കുന്നുണ്ട്.