കോഴിക്കോട്: സേവാഭാരതിയുടെ സൗജന്യ ഭക്ഷണ വിതരണം ആശുപത്രി അധികൃതർ തടഞ്ഞു. കോട്ടപ്പറമ്പ് സ്തീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാട്ടിയാണ് മനുഷ്യത്വരഹിതമായ നടപടി.
18 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെയാണ് ഭക്ഷണം നൽകിയിരുന്നതെന്ന് സേവാഭാരതി പ്രവർത്തകർ പറഞ്ഞു. രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ആശുപത്രിയിൽ എത്തുന്ന മുഴുവൻ ആളുകൾക്കും ജീവനക്കാർക്കും ആഹാരം നൽകുന്നുണ്ട്. കോവിഡ് കാലത്ത് പോലും മുടക്കമുണ്ടായിട്ടില്ല.
ഇന്ന് പുലർച്ചെ നാല് മണിയോടെ പാചകത്തിനായി എത്തിയപ്പോൾ അടുക്കളയുടെ താക്കോൽ നൽകാൻ അധികൃതർ വിസമ്മതിക്കുകയായിരുന്നു. 2006ൽ ആരോഗ്യമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദും ജില്ലാകലക്ടറും അടക്കമുളളവരുടെ യോഗത്തിൽ ഉയർന്ന ആവശ്യപ്രകരമാണ് സേവാഭാരതി ചുമതല ഏറ്റെടുത്തത്.
സന്നദ്ധ സംഘടനയായ സേവാഭാരതിയും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി ലഭിച്ചതായും അതിനാലാണ് ഇത്തരം നടപടിയെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം. എന്നാൽ സേവാഭാരതിക്ക് ഇത് സംബന്ധിച്ച ഉത്തരവ് നൽകാൽ അധികൃതർ തയ്യാറായില്ല.