ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി ഏപ്രിൽ 30ലേക്ക് മാറ്റി. ഡൽഹി റോസ് അവന്യൂ കോടതിയാണ് മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന സിസോദിയയുടെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി വച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെയും സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകരുടെയും വാദം കേട്ട ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീം കോടതിയിലുൾപ്പെടെ സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചിരുന്നതാണെന്ന് നിലവിലെ ജാമ്യഹർജിയെ എതിർത്ത് കൊണ്ട് സിബിഐ കോടതിയിൽ ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയ രാഷ്‌ട്രീയ സ്വാധീനമുള്ള നേതാവാണ്. അങ്ങനെയൊരു പ്രതിയ്‌ക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കുന്നതിനും അന്വേഷണം തടസ്സപ്പെടുന്നതിനും കാരണമാകും. അന്വേഷണം ഇപ്പോൾ നിർണായക ഘട്ടത്തിലാണ് എത്തിനിൽക്കുന്നതെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.
മദ്യനയ അഴിമതിക്കേസിൽ 2023 ഫെബ്രുവരി 26 നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.















