തൃശൂർ: പൂരം പ്രതിസന്ധിയിൽ പ്രതികരിച്ച് സുരേഷ് ഗോപി. ശബരിമല പോലെയൊരു ഓപ്പറേഷനാണോയെന്ന് സംശയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് നേടാനായി ഉണ്ടാക്കിയ തിരക്കഥയാണോ എന്നും സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം ആഘോഷിക്കാനെത്തിയവരെ പൊലീസ് തല്ലിയത് വളരെ മോശമായി പോയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെത്തെ സംഭവങ്ങളിൽ വലിയ പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പ് മത്സര രംഗത്തുള്ളത് കൊണ്ടാണ് പ്രതികരിക്കാത്തത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടില്ല ഇന്നലെ അവിടെ എത്തിയത്. വോട്ട് നേടാനായി ഉണ്ടാക്കിയ തിരക്കഥയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുതലെടുക്കാൻ ശ്രമിച്ചത് എൽഡിഎഫും യുഡിഎഫുമാണ്. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രണ്ട് ദേവസ്വങ്ങളും സംസാരിച്ച് പരിഹരിച്ച വിഷയമാണ്. എന്നാൽ രാത്രി രണ്ട് മണിയോടെ പൂരം നിർത്തുകയാണെന്ന് വിളിച്ചറിയിച്ചു. കേട്ടു കേൾവി പോലും ഇല്ലാത്ത സംഭവമായതിനാൽ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. തുടർന്ന് തിരുവമ്പാടി ദേവസ്വവുമായി സംസാരിച്ചു. വാഗ്വാദ ങ്ങൾക്കൊടുവിൽ കളക്ടറുമായി സംസാരിച്ച് വേണ്ടത് പോലെ ചെയ്യാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. പിന്നീട് അസാധാരണ പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിച്ചത്.
രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ട് നടന്നെങ്കിലും സമയക്രമം തെറ്റി. പകൽപ്പൂരത്തിന്റെ സമയ ക്രമീകരകണം മുഴുവൻ തെറ്റി. ശബരിമല പോലെയൊരു ഓപ്പറേഷനാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. പൊതു നീതിബോധമെന്നത് ആരും നഷ്ടപ്പെടുത്തരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന്റെ പേരിൽ അലോഹ്യവും അലോസരവും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന പൂരം ജനകീയ സമിതികളുടെ മേൽനോട്ടത്തിലാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.















