പാലക്കാട്: പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തത്.
തമിഴ്നാട്ടിൽ ഡിഎംകെയ്‌ക്ക് ബാധിച്ചിട്ടുളള അസുഖമാണ് കേരളത്തിൽ സിപിഎമ്മിന് ബാധിച്ചിരിക്കുന്നതെന്ന് അണ്ണാമലൈ ജനം ടിവിയോട് പ്രതികരിച്ചു. ഭാരത് അരി വിതരണം പോലും സിപിഎം തടയുന്നത് ഇതിന് ഉദാഹരണമാണ്. കോയമ്പത്തൂരിൽ ഒന്നായി മത്സരിക്കുന്ന കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ശത്രുക്കളായി അഭിനയിക്കുകയാണ്. ഇവർ എങ്ങനെയാണ് നാട് രക്ഷിക്കുക എന്നും അണ്ണാമലൈ ചോദിച്ചു.
വോട്ടർമാരെ ആവേശത്തിലാക്കികൊണ്ടാണ് റോഡ് ഷോ നടന്നത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ അണ്ണാമലൈയുടെ റോഡ് ഷോയുടെ ഭാഗമായിരുന്നു. ദേശീയ നേതാക്കളുൾപ്പെടെ എൻഡിഎ സ്ഥാനാർത്ഥികൾക്ക് പിന്തുണയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവുകയാണ്.















