വീട്ടിലെ വോട്ടിൽ വീണ്ടും വെട്ടിലായി സിപിഎം; പരാതി പ്രവാഹം

Published by
Janam Web Desk

കാസർകോട്: വയോധികർക്കായുള്ള വീട്ടിലെ വോട്ട് സംവിധാനത്തിൽ വീണ്ടും പരാതി. കാസർകോ‍‍ട് മണ്ഡലത്തിലും കണ്ണൂർ പേരാവൂരിലുമാണ് സിപിഎമ്മിനെതിരെ പരാതി ഉയരുന്നത്. കാസർകോ‍‍ട് മണ്ഡലത്തിൽ 92-കാരനെ കബളിപ്പിച്ച് സഹായി വോട്ടിന് ഒപ്പിട്ട് വാങ്ങി ബ്രാഞ്ച് സെക്രട്ടറി വോട്ട് ചെയ്തുവെന്നാണ് ഉയരുന്ന പരാതി. പയ്യന്നൂർ സ്വദേശി മാധവൻ വെളിച്ചപ്പാടിന്റെ വോട്ടാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.വി. സുരേഷ് ചെയ്തത്.

കണ്ണൂരിലും സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ് രം​ഗത്തെത്തിയിട്ടുണ്ട്. പേരാവൂരിൽ നൂറ്റിയാറുകാരിയെ നിർബന്ധിച്ച് വോട്ട് ചെയ്യിപ്പിച്ചു എന്നാണ് പരാതി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെയാണ് യുഡിഎഫ് പരാതി നൽകിയത്.

കല്യാശേരിയിൽ ആളുമാറി വോട്ടു ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് വീണ്ടും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. കല്യാശേരിയിലെ 164-ാം ബൂത്തിലാണ് 92 വയസുള്ള ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തിയത്. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച വരുത്തിയ പോളിം​ഗ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തിരുന്നു.

Share
Leave a Comment