പോലീസിന്റെ അതിരുവിട്ട നിയന്ത്രണം പൂരം പ്രതിസന്ധിയിലേക്ക് എത്തിയതിന്റെ അമർഷം കേരളാപോലീസിന്റെ ഫേസ്ബുക്ക് പേജിൽ തീർത്ത് പൂരപ്രേമികൾ. “പെരുമയുടെ പൂരം, പോലീസ് സുസജ്ജ”മെന്ന പേരിൽ പൂരത്തിന് മുന്നോടിയായി കേരളാപോലീസ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന്റെ കമന്റ് ബോക്സിലാണ് പൂരപ്രേമികൾ വാക്കുകളിലൂടെ പ്രതിഷേധമറിയിച്ചത്. ഇത്തവണത്തെ തൃശൂർ പൂരത്തിന് പോലീസ് സുരക്ഷയൊരുക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന പോസ്റ്റിന് താഴെ ‘വെടിക്കെട്ട്’ തീർക്കുന്നതായിരുന്നു പൂരപ്രേമികളുടെ പ്രതിഷേധ കമന്റുകൾ.
“പൂരം മുടക്കികൾ, എഴുന്നള്ളിപ്പ് തടഞ്ഞ് പൂരം ഗംഭീരമാക്കിയ കേരള പോലീസിന് അഭിവാദ്യങ്ങൾ, ഉജ്വലമായിരുന്നു പോലീസിന്റെ സുസജ്ജിപ്പിക്കൽ, വെടിക്കെട്ട് നട്ടുച്ചയ്‌ക്ക് ആക്കാമായിരുന്നു, നട്ടുച്ചക്ക് ആകാശ വിസ്മയം കാട്ടി പെരുമയുടെ പൂരം വെറൈറ്റി ആക്കിയ കേരള പോലീസിന് നല്ല നമസ്കാരം, പൂരം കുളമാക്കിയ പിണറായി പോലീസിനു നന്ദി, പൂരത്തെ പോലീസ് കുളമാക്കി, ഇതെന്താ പോലീസുകാർക്ക് മാത്രം കാണാൻ വേണ്ടിയാണോ നാട്ടുകാർ പൂരം നടത്തുന്നത്?, അടുത്ത കൊല്ലം പൂരം ഉണ്ടാവോ പോലീസേ, തൃശൂർ പൂരം കുളമാക്കിയ പോലീസിന്റെയും സർക്കാരിന്റെയും കരുതലിനു അഭിനന്ദനങ്ങൾ…” എന്നിങ്ങനെ 1300ലധികം കമന്റുകളാണ് കേരളാപോലീസിനെ വിമർശിച്ചും പരിഹസിച്ചും പൂരപ്രേമികൾ പോസ്റ്റ് ചെയ്തത്.
പൂരപ്രേമികൾ ഒരിക്കലും മറക്കാത്ത വിധമുള്ള പ്രതിസന്ധിയായിരുന്നു ഇത്തവണ തൃശൂർ പൂരത്തിലുണ്ടായത് എന്നുള്ളതാണ് ജനവികാരം പോലീസിനെതിരെ തിരിയാൻ കാരണം. ചരിത്രത്തിലാദ്യമായി പൂരം നടത്തിപ്പിൽ പ്രതിസന്ധി വരികയും ചടങ്ങുകൾ വൈകുകയും ചെയ്തത് കേരളത്തെയൊന്നാകെ ഞെട്ടിച്ചു. ഒരുവേള പൂരം പൂർണമായി നിർത്തിവച്ച സാഹചര്യവുമുണ്ടായി. ഇതിനിടെ സുരേഷ് ഗോപി അടക്കമുള്ളവർ സമയോചിതമായി ഇടപെട്ട് സമവായ ചർച്ച നടത്തിയതിന്റെ ഫലമായിട്ടായിരുന്നു മണിക്കൂറുകൾ വൈകിയെങ്കിലും പൂരം ചടങ്ങുകൾ പുനരാരംഭിക്കുന്നതിലേക്ക് വഴിതെളിച്ചത്.
മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാലിൽ ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് തിരുവമ്പാടി ദേവസ്വം അധികൃതരെ പ്രകോപിപ്പിച്ചത്. പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പിലും പോലീസ് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് ഒരാനയേയും മേളക്കാരെയും മാത്രം കടത്തിവിട്ടെന്നാണ് പരാതി. ജനങ്ങൾക്ക് പൂരം ആസ്വദിക്കാൻ കഴിയാത്ത രീതിയിൽ വഴികൾ പോലീസ് അടച്ചുപൂട്ടി. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ച് ആളുകളെ തടഞ്ഞു. ഇതോടെ രാത്രിയിലെ എഴുന്നള്ളിപ്പ് നിർത്തിവയ്‌ക്കുകയായിരുന്നു. വെടിക്കെട്ട് സ്ഥലത്ത് നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി നിരവധിയാളുകളെ പൂര പറമ്പിൽ ആവശ്യമാണെന്ന് തിരുവമ്പാടി വ്യക്തമാക്കി.
പോലീസുമായുള്ള തർക്കത്തെ തുടർന്ന് ചടങ്ങുകൾ നിർത്തിവച്ചെങ്കിലും നാല് മണിക്കൂർ വൈകി പുനരാരംഭിക്കുകയായിരുന്നു. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ അസാധാരണമാംവിധം പ്രതിസന്ധിയുണ്ടാക്കിയ പോലീസിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.