തൃശൂർ: കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുട പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാമന്റെ കുട അകത്തേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞത്.
View this post on Instagram
കുടമാറ്റത്തിന് മുന്നോടിയായി ഗോപുരത്തിന് ഉള്ളിലേക്ക് രാമന്റെ കുടയെത്തിച്ചപ്പോഴായിരുന്നു സംഭവം. ചുറ്റമ്പലത്തിനുള്ളിലേക്ക് കുട കയറ്റാൻ അനുവദിച്ചിരുന്നില്ല. കുടമാറ്റത്തിന് ശേഷം പൂരത്തിന് തടസമുണ്ടാക്കിയതും കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു.
പൂരം നടത്തിപ്പിൽ തടസങ്ങളുണ്ടാകുന്നതിലേക്ക് നയിച്ചത് കുടമറ്റത്തിനിടെ ശ്രീരാമന്റെ രൂപം ഉയർത്തിയതിനാലാണെന്ന ആരോപണം ഹൈന്ദവ സംഘടനകൾ ഉയർത്തുന്നതിനിടെയാണ് കുട തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത്. കുട തടഞ്ഞ സംഭവം അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കാരണങ്ങൾ ചോദിക്കുമ്പോൾ മുകളിൽ നിന്നുള്ള ഉത്തരവാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നതെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് പ്രതികരിച്ചു.
തൃശൂർ പൂരത്തിൽ പോലീസിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന തരത്തിൽ വൻ വിമർശനം കഴിഞ്ഞ ദിവസം മുതൽ ഉയർന്നിരുന്നു. കുടമാറ്റത്തിൽ രാമന്റെ വിവിധ രൂപങ്ങൾ ഉയർന്നതിന് ശേഷം പലർക്കുമിടയിൽ അസഹിഷ്ണുതയുണ്ടാവുകയും ഇതിന്റെ ഭാഗമായി രാത്രി പൂരത്തിനിടെ മഠത്തിൽ വരവിന് പോലീസ് തടസം സൃഷ്ടിച്ചെന്നുമാണ് ആക്ഷേപം.
തൃശൂർ പൂരത്തിനിടയിലെ ഏറ്റവും ആകർഷണീയമായ ചടങ്ങാണ് കുടമാറ്റം. ഇത്തവണ തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് ഉയർത്തിയ കുടകളിൽ ഭാരതത്തിന് അഭിമാനമായ നിരവധി ബിംബങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനദൗത്യം ചന്ദ്രയാന് പൂരാശംസകൾ നേർന്നുകൊണ്ട് ഐഎസ്ആർഒയ്‌ക്ക് ആദരവ് സമർപ്പിക്കുന്ന കുടയും ഉയർന്നു. ഇതുകൂടാതെ രാംല്ലല്ല, വില്ലുകുലച്ച ശ്രീരാമചന്ദ്രൻ, അമ്പും വില്ലും കയ്യിലേന്തി നിൽക്കുന്ന രാമൻ, അയോദ്ധ്യ രാമക്ഷേത്രവും രാമനും എന്നിങ്ങനെ പല തരത്തിലുള്ള രൂപങ്ങളും കുടമാറ്റത്തിനിടെ ഉയർന്നു. പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നിമിഷങ്ങളായിരുന്നു അത്.
എന്നാൽ കുടമാറ്റത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അടക്കം നിരവധി വിദ്വേഷ പരാമർശങ്ങളാണ് ശ്രീരാമന്റെ കുടയുടെ പേരിൽ ഉയർന്നത്. ഇതിന് പിന്നാലെയാണ് രാത്രി പോലീസിന്റെ നേതൃത്വത്തിൽ നിയന്ത്രണം കടുപ്പിച്ചതും പൂരം ചടങ്ങുകൾ ചരിത്രത്തിലാദ്യമായി പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്തത്.