ഭോപ്പാൽ: സ്വത്തിനു വേണ്ടി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മദ്ധ്യപ്രദേശ് സർക്കാർ. അനധികൃതമായി പണിതുയർത്തിയ വീടാണെന്ന് കണ്ടെത്തിയതോടെയാണ് അധികൃതരുടെ നടപടി. മദ്ധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. വ്യാജരേഖ തയ്യാറാക്കിയാണ് വീട് പണിതതെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വീടുള്ളതെന്നും അധികൃതർ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ അയൽവാസിയായ അയൻ പതനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ പ്രണയബന്ധത്തെ ചൂഷണം ചെയ്ത് പ്രതി യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു. യുവതിയുടെ സ്വത്ത് കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. യുവതിയെ ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. കണ്ണിലും വായിലും മുളകുപൊടി വിതറുകയും പശ ഉപയോഗിച്ച് വായ ഒട്ടിക്കുകയും ചെയ്തു. കേട്ടുകേൾവിയില്ലാത്ത ക്രൂരതയ്‌ക്ക് ഇരയായ 23-കാരി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പിതാവിന്റെ മരണശേഷം യുവതിയുടെ മാതാവിന്റെ പേരിലായിരുന്നു സ്വത്തുക്കൾ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം കാമുകനായ പ്രതിയുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയതോടെയാണ് സംഭവത്തിൽ പോലീസ് ഇടപെട്ടത്.















