ന്യൂഡൽഹി: വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. പാർട്ടിയുടെ നിസ്വാർത്ഥ സേവനത്തോടുള്ള ശക്തമായ പ്രതിബദ്ധത ഫലപ്രദമായി പ്രകടിപ്പിച്ചയാളാണ് സുരേന്ദ്രനെന്ന് പ്രധാനമന്ത്രി കത്തിൽ പരമാർശിച്ചു.
“ശബരിമല വിഷയവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള വലിയ പ്രതിഷേധങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് ഭക്തരുടെ ആശങ്കകൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി മാറി. പരിചയ സമ്പന്നമായ നേതൃപാടവവും മൂർച്ചയുള്ള സംഘടനാ ശേഷിയും കൊണ്ട് വയനാട്ടിലെ ജനങ്ങൾ ഫലവത്തായ മാറ്റം കാണും”- പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് കെ സുരേന്ദ്രൻ നേതൃത്വം നൽകിയിരുന്നു. വിശ്വാസികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ നേതാവാണ് അദ്ദേഹം. രാമനാമജപ ഘോഷയാത്രയിലുടനീളം വിശ്വാസികൾക്ക് പിന്തുണ അറിയിച്ച് സുരേന്ദ്രൻ രംഗത്തെത്തി. ഹൈന്ദവരുടെ വിശ്വാസങ്ങളെ തകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നയാളാണ് കെ. സുരേന്ദ്രൻ.















