തൃശൂർ: പൂരം പ്രദർശനവും പൊലീസ് തടഞ്ഞതായി റിപ്പോർട്ട്. പൂര ദിവസവും സാമ്പിൾ വെടിക്കെട്ടിനും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നടത്തുന്ന എക്സിബിഷനാണ് പൊലീസ് തടഞ്ഞത്. ഇതുവരെ പതിവില്ലാത്ത ഇടപെടലാണ് പൊലീസ് നടത്തിയതെന്ന് പ്രദർശന കമ്മിറ്റി ആരോപിച്ചു. രാത്രിയോടെ പൊലീസ് എത്തി ബലമായി കടകൾ അടപ്പിക്കുകയായിരുന്നു.
സാമ്പിൾ വെടിക്കെട്ട് നടന്ന ദിവസം കൗണ്ടറിനുള്ളിൽ കയറി പൊലീസ് അതിക്രമം കാണിച്ചെന്നും പ്രദർശന കമ്മിറ്റി സെക്രട്ടറി പറയുന്നു. രണ്ടു ദിവസത്തെ നഷ്ടം കണക്കാക്കുമ്പോൾ 35 ലക്ഷത്തിലധികം വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രദർശനത്തിന്റെ ചുമതലയുള്ളവർ കടകൾ അടയ്‌ക്കാൻ തയ്യാറാകാതെ വന്നപ്പോൾ കമ്മീഷണറിന്റെ ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. കളക്ടറും മന്ത്രിമാരും ചേർന്ന യോഗത്തിൽ 12 മണിവരെ ടിക്കറ്റ് കൊടുക്കാമെന്നായിരുന്നു കമ്മിറ്റിക്ക് ലഭിച്ച നിർദേശം. എന്നാൽ 10 മണി ആയപ്പോഴേക്കും ടിക്കറ്റ് ക്ലോസ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു.
ഗ്രീൻ സോൺ ആയ പ്രദേശത്താണ് പ്രദർശനം നടക്കുന്നത്. എന്നിട്ടും പൊലീസ് അതിക്രമം കാണിച്ചുവെന്നാണ് ഭാരവാഹികളുടെ വിമർശനം. പൂരത്തിന്റെയും പൊലീസ് കൺട്രോൾ റൂമിന്റെയും ബാരിക്കേഡിന്റെയും ഭക്ഷണത്തിന്റെയും ഉൾപ്പെടെ ചെലവ് വഹിക്കുന്നത് പ്രദർശന കമ്മിറ്റിയാണ്. പൂരം നടത്തുന്നതിന്റെ ഭീമമായ ചെലവിനുള്ള പണം തിരുമ്പാടിക്കും പാറമേക്കാവിനും ലഭിക്കുന്നത് എക്സിബിഷനിൽ കൂടിയാണെന്നിരിക്കെയാണ് പൊലീസിന്റെ ഇടപെടൽ.