ജയം തേടി ഈഡനിൽ ഇറങ്ങിയ ആർ.സി.ബിക്ക് മുന്നിൽ റൺമല ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് കെ.കെ.ആർ അടിച്ചുകൂട്ടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് വിസ്ഫോടന തുടക്കമാണ് ഫിൽ സാൾട്ട് നൽകിയത്. 14 പന്തിൽ 48 റൺസെടുത്ത താരത്തെ സിറാജ് പടിദാറിന്റെ കൈകളിലെത്തിച്ചു.
റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ സുനിൽ നരെയ്നും പത്ത് റൺസെടുത്ത് കൂടാരം കയറി. അൻക്രിഷ് രഘുവൻഷിയും (3) നിരാശപ്പെടുത്തി. ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറിയുമായി മദ്ധ്യനിരയിൽ കൊൽക്കത്തയുടെ നെടുംതൂണായി. ഫിനിഷർമാരായ റിങ്കുവിനും റസലിനും വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. 16 പന്തിൽ 24 റൺസെടുത്ത റിങ്കുവിനെ ഫെർഗൂസൺ പുറത്താക്കിയപ്പോൾ 20 പന്തിൽ 27 റൺസുമായി റസൽ പുറത്താകാതെ നിന്നു.
9 പന്തിൽ 24 റൺസെടുത്ത രമൺദീപാണ് കാെൽക്കത്തയുടെ സ്കോർ 200 കടത്തിയത്.യഷ് ദയാലും കാമറൂൺ ഗ്രീനും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി.എന്നാൽ 50ലേറെ റൺസാണ് ദയാൽ വിട്ടുനൽകിയത്. വലിയ ബാറ്റിംഗ് നിരയുള്ള ആർ.സി.ബ ഇതുവരെ 200 മേലെയുള്ള സ്കോർ ചേസ് ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു കൗതുകം.