തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തെ വികൃതമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത്ത് അശോകനെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും രാഷ്‌ട്രീയത്തിനും എല്ലാം അതീതമായി മാലോകരെല്ലാം ഒത്തുചേർന്നു നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠവും പവിത്രവുമായ ഒന്നാണ് തൃശൂർപൂരം. ഇത് ജനങ്ങളുടെയാണ്. പോലീസിന്റെയല്ല. ലക്ഷങ്ങളാണ് പൂരം ദർശിക്കാൻ ഓരോ വർഷത്തിലും എത്തിച്ചേരുന്നത്. ഇവരെ മാന്യമായി സ്വീകരിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് പോലീസ് ചെയ്യേണ്ടത്. പക്ഷേ സിറ്റി പോലിസ് കമ്മിഷണറായ അങ്കിത് അശോകൻ തന്റെ പേരിന്റെ ഒരു ഭാഗം അന്വർത്ഥമാക്കുന്ന തരത്തിൽ പൂരത്തെ വികൃതമാക്കിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ആചാര അനുഷ്ഠാന മര്യാദകളോടെ സമയക്രമം പാലിച്ച് വളരെ നാളത്തെ ആസൂത്രണത്തോടെ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളും അനുബന്ധ സംവിധാനങ്ങളും പൂരം നടത്തുമ്പോൾ ഭരണകൂടം ഇവരെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പോലീസിന് വീഴ്ച പറ്റിയെന്ന് തൃശൂരിലെ ഇടതു സ്ഥാനാർത്ഥിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും പറഞ്ഞതിൽ നിന്നുതന്നെ കാര്യത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളൂ. അനാവശ്യമായി ലാത്തിവീശി, തെറിയും ചീത്തയും പറഞ്ഞ്, വടംകെട്ടി വരിഞ്ഞു മുറുക്കി, വെടിക്കെട്ടിനെ നിയന്ത്രിച്ച് യുദ്ധമുന്നണിയിലെ ശത്രുവിനോട് പെരുമാറുന്ന പോലെയാണ് പോലീസ് ജനത്തെ സമീപിച്ചത്. കുടമാറ്റത്തിന് തയ്യാറാക്കിയ കുടകളോട് പോലും ആക്രോശിക്കുന്ന അങ്കിത് അശോകൻ പോലീസ് സേനയ്‌ക്ക് തന്നെ അപമാനമാണ്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഏതൊരു ക്ഷേത്ര ഉത്സവങ്ങളോടും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ശബരിമലയിൽ കണ്ടതിന്റെ മറ്റൊരു പതിപ്പാണ് തൃശൂരിൽ കണ്ടത്. പലക്ഷേത്രങ്ങളിലും ഇത് ആവർത്തിക്കപ്പെടുന്നു. അനാവശ്യമായ പോലീസ് ഇടപെടലുകൾ ഉത്സവങ്ങളിൽ ആവശ്യമില്ല. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ മാത്രമേ പോലീസ് ഇടപെടേണ്ടതുള്ളൂ. പൂരത്തിന്റെയും ജനങ്ങളുടെയും മനസറിയുന്നവരേയും വിവേകവും, വിനയവും, വിവരവും പക്വതയും ഉള്ള ഉദ്യോഗസ്ഥരേയും ആയിരിക്കണം ഇത്തരം കാര്യങ്ങൾക്ക് നിയോഗിക്കേണ്ടത് എന്നും ഹരിദാസ് കൂട്ടി ചേർത്തു.