തൃശൂർ: പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനം നിർത്തിവച്ചതോടെ ദുരിതത്തിലായെന്ന് കച്ചവടക്കാർ. കടകൾ ബലമായി അടപ്പിക്കുന്ന സാഹചര്യം ഇതാദ്യമെന്നും 35 ലക്ഷത്തേക്കാൾ കൂടുതൽ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനം നിർത്തിവച്ച പൊലീസ് നടപടിക്കെതിരെ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു കച്ചവടക്കാർ.
“ആദ്യമായാണ് കുടമാറ്റത്തിന് ആളുകളെ തടഞ്ഞത്. പൂരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എല്ലാ കച്ചവടക്കാർക്കും വലിയ നഷ്ടമാണുണ്ടായത്. പൊലീസിന്റെ തടസം കാരണം ആളുകൾ പ്രദർശനം നടക്കുന്നിടത്തേക്ക് വരുന്നില്ല. പൊലീസ് പിന്നീട് ടിക്കറ്റ് കൗണ്ടറിൽ കയറി ടിക്കറ്റ് കൊടുക്കാൻ പാടില്ലെന്നും നിർത്തിവക്കണമെന്നും പറഞ്ഞു. കൗണ്ടറിൽ പോയ ശേഷമാണ് സെക്രട്ടറിയോട് പോലും സംസാരിച്ചത്. സെക്രട്ടറി ഒരുപാട് തവണ പൊലീസിനോട് സംസാരിച്ചിരുന്നു.
450 സ്റ്റാളുകളുടെ കണക്കെടുത്താൽ 35 ലക്ഷത്തെക്കാൾ കൂടുതൽ നഷ്ടം വരും. ഒമ്പത് മണിക്ക് വെടിക്കെട്ട് നടന്നതിന് ശേഷം ആരും എക്സിബിഷേൻ നടക്കുന്നിടത്തേക്ക് വന്നിട്ടില്ല. എല്ലാവരും പ്രതിഷേവുമായി കമ്മിറ്റി ഓഫീസിൽ പോയപ്പോൾ അവർ കൈമലർത്തുകയാണുണ്ടായത്. വലിയ വാടക കൊടുത്താണ് സ്റ്റാൾ ഇടുന്നത്. അന്ന് തയ്യാറാക്കിയിരുന്ന എല്ലാ സാധനങ്ങളും നശിച്ചിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. കടകൾ ബലമായി അടപ്പിക്കുന്ന സാഹചര്യം ഇതാദ്യമായാണുണ്ടായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തും- കച്ചവടക്കാർ പറഞ്ഞു.