തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂർ പൂരത്തിന്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണ്. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാന്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണം- കെ. സുരേന്ദ്രൻ പറഞ്ഞു.
ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശിലമാക്കി മാറ്റുകയാണ്. ആനകൾ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ല. പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികൾ തെളിയിക്കുകയാണ്. തൃശ്ശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണെന്നും പഴുതടച്ച അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.