സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിംഗ് നടത്തുമെന്ന് തോന്നിപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. വിൽ ജാക്സും രജത് പടിദാറും സീസണിൽ ആദ്യമായി ഫോമിലേക്കെത്തിയ മത്സരത്തിൽ വിജയം പലകുറി മാറിമറിഞ്ഞു.24 കോടിക്ക് ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക്കാണ് മത്സരം കൊൽക്കത്തയ്‌ക്ക് അനുകൂലമാക്കിയത്.
ഓവറിലെ നാലു പന്തുവരെ വിജയം ആർ.സി.ബിക്ക് ഒപ്പമായിരുന്നെങ്കിൽ അഞ്ചാം പന്തിൽ വീരനായകനാകേണ്ടിയിരുന്ന കരൺ ശർമ്മയെ പുറത്താക്കിയാണ് സ്റ്റാർക്ക് മത്സരം തിരിച്ചത്. അവസാന പന്തിൽ ഫെർഗൂസൺ റണ്ണൗട്ടാവുക കൂടി ചെയ്തതോടെ രണ്ടാം ജയമെന്ന ആർ.സി.ബി സ്വപ്നം ഈഡനിലും സഫലമായില്ല. സീസണിലെ ഏഴാമത്തെ തോൽവിയോടെ ആർ.സി.ബിയുടെ പ്ലേ ഓഫ് മോഹങ്ങൾ ഏറെക്കുറെ അവസാനിച്ച മട്ടാണ്.
വിരാട് കോലിക്ക് (7 പന്തിൽ 18) നല്ല തുടക്കം ലഭിച്ചെങ്കിലും താരത്തിന്റെ പുറത്താകൽ വിവാദത്തിന് വഴി തെളിച്ചു. ഫാഫ് ഡുപ്ലെസി(7) പെട്ടെന്ന് മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിൽ ജാക്ക്സും (55) പടിദാറും (52) ചേർന്ന് 48 പന്തിൽ 102 റൺസിന്റെ കൂട്ടുക്കെട്ട് ഉയർത്തി. ഒരേ ഓവറിൽ ജാക്ക്സിനെയും പടിദാറിനെയും വീഴ്‌ത്തി റസലാണ് കൊൽക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നൽകിയത്. പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണതോടെ ആർ.സി.ബി പതറി. 18 പന്തിൽ 25 റൺസെടുത്ത കാർത്തിക് 19-ാം ഓവറിൽ വീണതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചെങ്കിലും ക്രീസിലെത്തിയ കരൺ ശർമ്മ വിട്ടു നൽകാൻ തയാറായിരുന്നില്ല. 7 പന്തിൽ 20 റൺസെടുത്ത താരം ആർ.സി.ബിയെ വിജയത്തിന്റെ പടിക്കലെത്തിച്ചാണ് വീണത്. സുയാഷ് പ്രഭുദേശായി(24), മഹിപാൽ ലോംറോർ(4), ലോക്കി ഫെർഗൂസൺ(1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ.