കൽപ്പറ്റ: വയനാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനാണ് ഇക്കാര്യം അറിയിച്ചത്. 26-ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് രാഹുലിന്റെ പ്രചാരണ പരിപാടികൾ റദ്ദാക്കിയിരിക്കുന്നത്.
ഇന്ന് റാഞ്ചിയിൽ സംഘടിപ്പിച്ച ഇൻഡി സഖ്യത്തിന്റെ റാലിയിൽ നിന്നും രാഹുൽ വിട്ടുനിന്നിരുന്നു. അദ്ദേഹം ഡൽഹിയിൽ തുടരുകയാണെന്നും റാലിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുക്കുമെന്നും പാർട്ടി വക്താവ് ജയ്റാം രമേശ് അറിയിച്ചിരുന്നു.
രാഹുലിന് എന്താണ് സംഭവിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാഹുൽ പെട്ടെന്ന് അസുഖ ബാധിതനായെന്നും ഡൽഹി വിടാൻ ഉടനെ ആവില്ലെന്നും മാത്രമാണ് ജയ്റാം രമേശ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.