കൊളംബോ: ശ്രീലങ്കയിൽ റേസ് കാർ ട്രാക്കിൽ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടോടെ ദിയതലാവയിൽ നടന്ന മത്സരത്തിനിടെയാണ് റേസ് കാർ ട്രാക്കിൽ നിന്ന് തെന്നിമാറി കാണികളുടേയും, ഉദ്യോഗസ്ഥരുടേയും ഇടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ 20ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. തേയിലത്തോട്ടങ്ങൾ ധാരാളമായിട്ടുള്ള സെൽട്രൽ ഹിൽസിലെ ദിയതലാവയിൽ ആണ് മത്സരം സംഘടിപ്പിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് മത്സരം കാണുന്നതിനായി സ്ഥലത്ത് എത്തിയത്.
മത്സരം ആരംഭിച്ച് അൽപ്പസമയത്തിനുള്ളിലാണ് ഒരു കാർ തെന്നിമാറി ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് പൊലീസ് വക്താവ് നിഹാൽ തൽദുവ പറഞ്ഞു. നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഷെഡ്യൂൾ ചെയ്ത 24 മത്സരങ്ങളിൽ 17ാമത്തെ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തൽദുവ അറിയിച്ചു. അപകടത്തിന് പിന്നാലെ മത്സരങ്ങൾ നിർത്തിവച്ചതായി സംഘാടകസമിതി അറിയിച്ചു. ശ്രീലങ്കൻ ആർമിയും ശ്രീലങ്ക ഓട്ടോമൊബൈൽ സ്പോർട്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.















