കൊൽക്കത്ത: അദ്ധ്യാപക നിയമനക്കേസിൽ മമത സർക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സർക്കാർ-സ്‌പോൺസേർഡ്, എയ്ഡഡ് സ്കൂളുകളിലെ 2016 ലെ നിയമന പ്രക്രിയ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഇതോടെ 25 ,753 അദ്ധ്യാപകർക്ക് ജോലി നഷ്ടമാകും. മാത്രമല്ല നിയമിതരായ ശേഷം ഇവർ പിൻവലിച്ച ശമ്പളം 12 ശതമാനം പലിശ സഹിതം തിരികെ നൽകുകയും വേണം.
ശൂന്യമായ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ച് നിയമവിരുദ്ധമായി നിയമനം നേടിയ സ്കൂൾ അദ്ധ്യാപകർ നാലാഴ്ചയ്‌ക്കകം ശമ്പളം തിരികെ നല്കണം. ജസ്റ്റിസുമാരായ ദേബാങ്സു ബസക്, എംഡി ഷബ്ബാർ റഷീദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റിനാണ് അദ്ധ്യാപകരിൽ നിന്നും ശമ്പളം തിരികെ വാങ്ങുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്. അദ്ധ്യാപക നിയമനക്കേസുമായി ബന്ധപ്പെട്ട് നിരവധി തൃണമൂൽ നേതാക്കളും മുൻ ഉദ്യോഗസ്ഥരും അഴിക്കുള്ളിലാണ്.
2016ൽ പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (ഡബ്ല്യുബിഎസ്എസ് സി) രൂപീകരിച്ച പാനലുകൾ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ വർഷം പിരിച്ചുവിടുകയും പരിശീലനം ലഭിക്കാത്ത 36,000 പ്രൈമറി അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയും ചെയ്തിരുന്നു. ഈ കണക്ക് പിന്നീട് 32,000 ആയി പരിഷ്കരിച്ചു. ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മമത സർക്കർ വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.