ഹുബ്ബള്ളി: ലവ് ജിഹാദിന് ഇരയായി കൊലപ്പെട്ട നേഹ ഹിരേമത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഫയാസിൽ നിന്നും നേഹ നേരിട്ടത് അതിക്രൂരമായ ആക്രമണമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 30 സെക്കൻഡിനുള്ളിൽ 14 തവണയാണ് പെൺകുട്ടിക്ക് കുത്തേറ്റത്.
നേഹയുടെ നെഞ്ചിലും വയറിലുമാണ് പ്രതി ആദ്യം കുത്തിയത്. തളർന്നുവീണതോടെ ദേഹമാസകലം തുടർച്ചയായി കുത്താൻ തുടങ്ങി. കഴുത്തറുക്കാനുള്ള ശ്രമം പ്രതി നടത്തിയതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ ഉദ്ധരിച്ച് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. രക്ത ഞരമ്പുകൾ മുറിഞ്ഞ് രക്തം വാർന്നാണ് നേഹ മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്ന നേഹാ ഹിരേമത്ത് കഴിഞ്ഞ ഏപ്രിൽ 18-നാണ് ക്യാമ്പസിനുള്ളിൽ കുത്തേറ്റു മരിച്ചത്. ഇതേ കോളേജിലെ വിദ്യാർത്ഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ക്യാമ്പസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനുള്ള പ്രതിയുടെ ശ്രമം നേഹ ചെറുത്തതോടെയാണ് കൊല നടത്തിയത്. ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലറാണ് നേഹയുടെ പിതാവ് നിരഞ്ജൻ ഹിരേമത്ത്.