അലിഗഡ്: പ്രതിപക്ഷാരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ മുസ്ലീം സമൂഹത്തിന് ലഭിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ മറുപടി. മുസ്ലീം പെൺകുട്ടികളുടെ കണ്ണുനീരു തുടച്ചത് ബിജെപി സർക്കാരാണെന്നും മുസ്ലീം ജനതയ്‌ക്കൊപ്പമാണ് എന്നും ബിജെപി സർക്കാർ നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ ലക്ഷ്യം വെക്കുന്നതിനിടെയാണ് മുസ്ലീം സമുദായത്തിനായി എൻഡിഎ സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ അദ്ദേഹം വിശദീകരിച്ചത്.
“നേരത്തെ ഹജ്ജ് കോട്ട കുറവായിരുന്നതിനാൽ കൈക്കൂലി കൊടുത്തും മറ്റും ഹജ്ജിന് പോകാൻ അവസരം ഒരുക്കേണ്ട ഗതികേടായിരുന്നു രാജ്യത്തെ മുസ്ലീം പൗരന്മാർ നേരിട്ടിരുന്നത്. സമൂഹത്തിൽ വലിയ സ്വാധീനമുള്ളവർക്ക് മാത്രം ഹജ്ജിന് പോകാൻ കഴിയുന്നതായിരുന്നു അവസ്ഥ. എന്നാൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയിലെ മുസ്ലീം സഹോദരന്മാർക്കും സഹോദരിമാർക്കുമുള്ള ഹജ്ജ് കോട്ട ഉയർത്തണമെന്ന് സൗദി അറേബ്യയിലെ രാജകുമാരനോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി വലിയ മാറ്റമുണ്ടായി. ഹജ്ജ് കോട്ട ഉയർത്തിയെന്ന് മാത്രമല്ല, വിസ ചടങ്ങൾ ലളിതമാവുകയും ചെയ്തു. സർക്കാർ വളരെ പ്രധാനപ്പെട്ട തീരുമാനമാണ് സ്വീകരിച്ചത്. നേരത്തെ മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും ഒറ്റയ്‌ക്ക് ഹജ്ജിന് പോകാൻ സാധിക്കില്ലായിരുന്നു. എന്നാലിന്ന് മെഹറം ഇല്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാൻ സാധിക്കും. അതിനാൽ, ഹജ്ജിന് പോകണമെന്ന മോഹം സാക്ഷാത്കരിച്ച ആയിരക്കണക്കിന് മുസ്ലീം സഹോദരിമാരുടെ അനുഗ്രഹം ഇന്ന് എന്നോടൊപ്പമുണ്ട്.
പ്രീണന രാഷ്‌ട്രീയം കളിച്ചുവെന്നല്ലാതെ കോൺഗ്രസും എസ്പിയും അടക്കമുള്ള പാർട്ടികൾ മുസ്ലീങ്ങളുടെ രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പസ്മാന്ദാ മുസ്ലീങ്ങളുടെ (ദളിത്-പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന മുസ്ലീം സമുദായത്തിലുള്ളവർ) ദുരവസ്ഥയെക്കുറിച്ച് ബിജെപി ചർച്ച ചെയ്തപ്പോൾ അവർ അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിച്ചവരാണ് മറ്റ് പാർട്ടിക്കാർ.
മുത്തലാഖ് കാരണം അനവധി മുസ്ലീം പെൺമക്കളുടെ ജീവിതം ദുരിതപൂർണമായി. ഇത്തരത്തിൽ ജീവിതം നശിപ്പിക്കപ്പെടുന്നവരുടെ മാതാവും പിതാവും സഹോദരനുമൊക്കെ പ്രതിസന്ധിയിലായി. ഇന്ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് അവരുടെ ജീവിതത്തിന് സുരക്ഷയൊരുക്കിയിരിക്കുകയാണ് മോദി സർക്കാർ.
കഴിഞ്ഞ തവണ അലിഗഡിൽ വന്നപ്പോൾ ഇവിടെ കോൺഗ്രസും എസ്പിയും പുലർത്തിവരുന്ന സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും പ്രീണനത്തിന്റെയും ഫാക്ടറികൾ അടച്ചുപൂട്ടാൻ നിങ്ങളോരോരുത്തരോടും ഞാൻ അഭ്യർത്ഥിച്ചിരുന്നു. ഇന്ന് നിങ്ങൾ വളരെ ശക്തമായ പൂട്ടാണ് ആ ഫാക്ടറികൾക്ക് നൽകിയിരിക്കുന്നത്. അതിന്റെ താക്കോൽ കണ്ടെത്താൻ ഇതുവരെയും കോൺഗ്രസിനും എസ്പിക്കും കഴിഞ്ഞിട്ടില്ല.
കോൺഗ്രസും ഇൻഡി മുന്നണിയും കണ്ണുവയ്‌ക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ സ്വത്തുക്കളിലും വരുമാനത്തിലുമാണ്. അവർ അധികാരത്തിലെത്തിയാൽ ഓരോരുത്തരും എത്ര സ്വത്തുണ്ടെന്നും ഓരോരുത്തരും എത്ര സമ്പാദിക്കുന്നുണ്ടെന്നും അന്വേഷിക്കുമെന്നാണ് കോൺഗ്രസിന്റെ രാജകുമാരൻ പറയുന്നത്. നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും സ്വർണമുണ്ട്. അതിൽ പോലും കണ്ണുവച്ചാണ് പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ താലിമാല പോലും അവർ വെറുതെ വിടില്ല. സ്ത്രീകളുടെ സ്വർണത്തിൽ കൈവയ്‌ക്കുകയെന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. നിങ്ങളുടെ പൂർവ്വികന്റെ വീട് ഗ്രാമത്തിൽ നിങ്ങൾക്കുണ്ടെന്ന് കരുതുക. ഇതുള്ളപ്പോൾ നിങ്ങളുടെ മക്കളുടെ ഭാവിക്കായി നഗരത്തിൽ ഒരു ചെറിയ ഫ്ലാറ്റ് നിങ്ങൾ വാങ്ങിയെന്ന് കരുതുക. ഈ രണ്ടെണ്ണത്തിൽ ഒന്ന് അവർ കൊണ്ടുപോകും. ഇത് മാവോവാദി കാഴ്ചപ്പാടാണ്. കമ്യൂണിസ്റ്റുകാരുടെ ചിന്താഗതിയാണിത്. ഇപ്രകാരം ചെയ്ത് അവർ ഒരുപാട് രാജ്യങ്ങൾ നശിപ്പിച്ചു. ഈ നയമാണ് കോൺഗ്രസും ഇൻഡി മുന്നണിയും ഇന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
യുപിയിലെ ബിജെപിയുടെ ഭരണം ആരംഭിച്ചതോടെ ആത്മനിർഭര ഭാരതത്തിന്റെ ഹബ്ബായി ഈ സംസ്ഥാനം മാറി. ബുൾഡോസറോട് ഉപമിച്ച് യോഗിയെ കണക്കാക്കുന്നവർ ഒരു കാര്യം ഓർക്കണം. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം യുപിയിൽ നടക്കാതിരുന്ന വ്യാവസായിക വികസനം യോഗിയുടെ യുഗത്തിൽ യുപിയിൽ സംഭവ്യമായി. ഒരു ജില്ല, ഒരു ഉത്പന്നമെന്ന അദ്ദേഹത്തിന്റെ പദ്ധതി രാജ്യം മുഴുവൻ അഭിനന്ദനമേറ്റുവാങ്ങുകയാണ്.- നരേന്ദ്രമോദി പറഞ്ഞു.