സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണ കേസിൽ പ്രതിയെ കേരള പൊലീസ് മണിക്കൂറുകൾക്കം കർണാടകയിൽ ഉഡുപ്പിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കുപ്രസിദ്ധ മോഷ്ടാവായ ബീഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ് ബീഹാറിൽ നിന്ന് കാറിലെത്തി എറണാകുളത്തെ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയത്. കവർച്ചയുടെ കാര്യം അറിയിക്കാൻ പാെലീസിനെ വിളിച്ചപ്പോഴുണ്ടായ അനുഭവവും ആരാണ് സഹായിച്ചതെന്നും ഹിറ്റ് മേക്കർ വ്യക്തമാക്കി.
‘ശനിയാഴ്ച രാവിലെ മോഷണം വിവരം അറിഞ്ഞപ്പോൾ തന്നെ 100 ലാണ് വിളിച്ചത്. സംവിധായകൻ ജോഷിയാണെന്ന് പറഞ്ഞില്ല. പനമ്പള്ളി നഗറിലെ ഒരു വീട്ടിൽ മോഷണം നടന്നുവെന്ന് മാത്രം പറഞ്ഞു. പനമ്പള്ളിയിൽ എവിടെയാണ് പുത്തൻ കുരിശിലാണോ എന്ന് ചോദിച്ചു. അതെന്നെ നിരാശപ്പെടുത്തി. സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പർ നൽകിയെങ്കിലും ഞാൻ അതിൽ വിളിച്ചില്ല. പകരം നിർമാതാവ് ആൻ്റോ ജോസഫിനെ വിളിച്ചു. പിന്നീട് കണ്ടത് സിറ്റി പൊലീസിന്റെ ദ്രുത ചലനങ്ങളായിരുന്നു. കമ്മിഷണർ, ഡി.സി.പി, എസിപിമാർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി. സിറ്റി പൊലീസിന്റെ ലൈവ് ആക്ഷൻ നേരിട്ടുകണ്ട് ബോദ്ധ്യപ്പെട്ടു. സിനിമയുമായി ഒരു ബന്ധവുമില്ല”.— ജോഷി പറഞ്ഞു.
പ്രതിയുമായി പൊലീസ് സംഘം ഇന്നലെ തന്നെ കൊച്ചിയിലേക്ക് വന്നിരുന്നു. എസിപി പി. രാജ്കുമാറിന്റെ നേൃത്വത്തിലായിരുന്നു അന്വേഷണം. കൃത്യം നടന്ന് വിവരം അറിഞ്ഞതുമുതൽ പൊലീസ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി കടന്നിരിക്കാവുന്ന പ്രദേശങ്ങളിലെ പൊലീസിനെ അലർട്ട് ചെയ്ത് നടത്തിയ നീക്കത്തിലാണ് ഇയാൾ കുടുങ്ങുന്നത്.