അനന്തപുരിയിലെ രാജസൂയം; വമ്പൻമാരുടെ പോരാട്ടത്തിൽ തീപാറുന്ന കേരള തലസ്ഥാനം

Published by
Janam Web Desk

2024 ലോക്സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി കളം പിടിച്ചതോടെ ഈ മത്സരത്തിന് രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന തലത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടി.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരത്ത് ഉള്ളത്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്, നിയമസഭ മന്ദിരം , എ ജീ സ് ഓഫീസ്, നിരവധി രാഷ്‌ട്രീയ പാർട്ടികളുടെ സംസ്ഥാനകമ്മിറ്റി ഓഫീസുകൾ എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം പക്ഷെ ഒരു മുന്നണിക്കും സ്ഥായിയായ ഇടം കൊടുത്തിട്ടില്ല.

എന്നും വി ഐപികളുടെ മണ്ഡലമായിരുന്നു തിരുവനന്തപുരം. 1952 ലെ തെരഞ്ഞെടുപ്പിൽ തലസ്ഥാനം ഡൽഹിക്കയച്ചത് ഒരു വനിതയെ ആയിരുന്നു. “ആനിമസ്ക്രീൻ”. 1971-ല്‍ വി കെ കൃഷ്ണമേനോൻ ആയിരുന്നു വിജയി. രണ്ടു മുഖ്യമന്ത്രിമാരും അനന്തപുരിയുടെ ജനപ്രതിനിധികൾ ആയിരുന്നിട്ടുണ്ട്. പി കെ വാസുദേവൻ നായരും, കെ കരുണാകരനും ആണ് ആ നേതാക്കൾ.

തിരുവനന്തപുരം ലോക് സഭാ മണ്ഡലം നിലവിൽ വന്നശേഷം 4 തവണ മാത്രമാണ് ഇടതു ചിഹ്നത്തിൽ ഇടത് മുന്നണിക്ക് ഇവിടെ ജയിക്കാനായത്. മണ്ഡലത്തില്‍ ആദ്യമായി വിജയിച്ച കമ്മ്യൂണിസ്റ്റുകാരന്‍ 1977-ല്‍ കേരള ക്രൂഷ്ചേവ് എന്ന് വിളിക്കപ്പെട്ടിരുന്ന എം.എന്‍ ഗോവിന്ദന്‍ നായര്‍ ആണ് . അതിന് ശേഷം മണ്ഡലത്തില്‍ ചെങ്കൊടി പാറാൻ 1996-ല്‍ കെ.വി. സുരേന്ദ്രനാഥ് വരേണ്ടി വന്നു.അനന്തപുരിയിൽ മൂന്നു തവണ ജയിച്ച എ ചാൾസ് 1996 ൽ കെ വി സുരന്ദ്ര നാഥിനോട് പരാജയപ്പെട്ടു. 2004 ൽ പി കെ വിയും, അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കെ കരുണാകരന്റെ പാർട്ടിയായ ഡി ഐ സി യുടെ പിന്തുണകൊണ്ട് പന്ന്യൻ രവീന്ദ്രനും ജയിച്ചു.

ഇത്തവണ മൂന്നു വമ്പന്മാരുടെ പോരാട്ടമാണിവിടെ നടക്കുന്നത്. ഇലക്ഷൻ പ്രഖ്യാപിക്കുമ്പോഴേ ശശി തരൂർ തന്നെയാകും യു ഡി എഫ് സ്ഥാനാർത്ഥി എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ശശി തരൂരിനെതിരെ ബിജെപി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ രംഗത്തിറക്കിയതോടെ കളി മാറി. മൂന്നു തവണ ജയിച്ചതിന്റെ പൊലിമയിൽ ശശി തരൂർ മത്സരത്തിനിറങ്ങുമ്പോൾ അദ്ദേഹത്തെ തളക്കുമെന്ന ആത്‌മവിശ്വാസവുമായി രാജീവ് ചന്ദ്രശേഖർ നടത്തുന്ന രാജസൂയത്തിനു സാക്ഷിയാകുകയാണ് തലസ്ഥാനം.

കഴിഞ്ഞ രണ്ട് ലോക്സഭാ തെര‍ഞ്ഞെ‌ടുപ്പുകളിലും തിരുവനന്തപുരത്ത് ബിജെപി 30 ശതമാനത്തിലധികം വോ‌ട്ടുവിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. 2014 ൽ ആകട്ടെ ഓ രാജഗോപാൽ പരാജയപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്. 59 കാരനായ ചന്ദ്രശേഖറും 67 കാരനായ തരൂരും 78 കാരനായ പന്ന്യൻ രവീന്ദ്രനും മത്സരിക്കുമ്പോൾ യൗവനത്തിന്റെയും ചുറുചുറുക്കിന്റെയും ആനുകൂല്യവും രാജീവ് ചന്ദ്രശേഖറിനുണ്ട്.

ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പ് രംഗത്തേക്ക് രാജീവ് ചന്ദ്രശേഖർ നടത്തിയ കുതിച്ചു കയറ്റം എതിരാളികളെ അദ്‌ഭുത സ്തബ്ധരാക്കി. തീരദേശമേഖലയിൽ പലതവണ പര്യടനം നടത്തിയ അദ്ദേഹം അവിടെയുള്ള ഓരോ ഇടറോഡുകളിലും സഞ്ചരിച്ചു. അക്ഷരാർത്ഥത്തിൽ ശശി തരൂർ എം പി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭൂപടത്തിൽപോലും കണ്ടിട്ടില്ലാത്ത തിരുവനന്തപുരത്തെ പ്രദേശങ്ങളിൽ രാജീവ് ചന്ദ്രശേഖർ ഇതിനകം മിനിമം രണ്ടു തവണയെങ്കിലും സന്ദർശിച്ചു. ഓരോ പ്രശ്നങ്ങളും വിശകലനം ചെയ്തു. പൊഴിയൂർ പോലെയുള്ള മേഖലകളിലെ കടലാക്രമണത്തിനു ക്രിയാത്മകമായ പരിഹാരങ്ങൾ തേടി. തന്റെ മണ്ഡല പര്യടനത്തിൽ ജനങ്ങളോട് നടത്തിയ സമ്പർക്കത്തിൽ ലഭിച്ച ആശയങ്ങളും പരാതികളും കൂടി ഉൾപ്പെടുത്തിയുള്ള കർമ്മപദ്ധതി തയ്യാറാക്കി അത് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ വികസനത്തിനായി എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ തയാറാക്കിയ അടുത്ത 5 വർഷത്തേക്കുള്ള സമഗ്ര പദ്ധതികളടങ്ങിയ വികസന രേഖ അദ്ദേഹത്തിന്റെ ദീർഘ വീക്ഷണത്തിന്റെ പ്രത്യക്ഷ തെളിവാണ്. പ്രകടന പത്രികയുടെ പ്രകാശനത്തിനായി വലിയതുറ തീരത്ത് സംഘടിപ്പിച്ച വേറിട്ട പരിപാടിയും ഏറെ ജനശ്രദ്ധ ആകർഷിച്ചു.
തീരുവനന്തപുരത്തെ തീരദേശ മേഖലയുടെ വികസനത്തിന് സവിശേഷ ഊന്നൽ നൽകിയുള്ള ഈ വികസന രേഖ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ബോട്ടിൽ തീരത്തെത്തിച്ച ശേഷം നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ ആണ് പ്രകാശനം ചെയ്തത്.

വോട്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം പരിഗണിച്ച് തിരുവനന്തപുരത്ത ഏഴ് നിയമസഭാ മണ്ഡ‌ലങ്ങളുടേയും ഹ്രസ്വ, ദീർഘകാല അടിസ്‌ഥാനത്തിലുള്ള പദ്ധതികൾ ഉൾപ്പെടുത്തിയാണ് വികസന രേഖയ്‌ക്ക് രൂപം നൽകിയത്‌ . തിരുവനന്തപുരം മണ്ഡലത്തിന്റെ ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌കാരികവും കലാപരവുമായ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്രപദ്ധതിയാണ് രാജീവ് ചന്ദ്രേശഖർ അവതരിപ്പിച്ചത്. സമുദ്രമേഖല, സെമികണ്ടക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് ഐ.ടി രംഗം, അത്യാധുനിക ടെക്നോളജിക്കൽ ഇന്നോവേഷൻ കേന്ദ്രം, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ടെക്സ‌്റ്റൈൽ, വ്യോമയാന മേഖല, റോഡ്, മെട്രോ, മൊബിലിറ്റി ഇൻഫ്രാസ്ട്രക്‌ചർ തുടങ്ങി സർവതല സ്പർശിയായ വികസന രേഖയാണിത്.

ഐഎസ്ആര്‍ഒ, ഐഐഎസ്ഇആര്‍, ആര്‍ജിസിബി തുടങ്ങി തിരുവനന്തപുരത്തെ രാജ്യാന്തര പ്രാധാന്യമുള്ള സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സൗകര്യങ്ങളും മികവും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ മുന്‍നിര സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതിന് തിരുവനന്തപുരം റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (ട്രിക്) എന്ന പേരിൽ ബൃഹത്തായ പദ്ധതിയും വികസന രേഖ വിഭാവനം ചെയ്യുന്നു.

തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും തൊഴിൽ ലഭ്യതയെയും കുറിച്ച് ഉറക്കെ ചിന്തിച്ചു. “ഇനി കാര്യം നടക്കും” എന്ന അദ്ദേഹത്തിന്റെ പരസ്യവാചകം ഇപ്പോൾ തിരുവനന്തപുരത്തുകാർ വിശ്വസിച്ചു തുടങ്ങി.

എന്തായാലും മേടച്ചൂടിൽ കേരളം ഉരുകുമ്പോൾ അനന്തപുരിയിലെ ജനത “ഇനി കാര്യം നടക്കും” എന്ന ഉറച്ച വാഗ്ദാനത്തിന്റെ ശീതളിമയിലാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

രഞ്ജിത് ജി കാഞ്ഞിരത്തിൽ

 

Share
Leave a Comment