മലപ്പുറം: നിലമ്പൂർ കരുളായിൽ ദേശീയ കായിക താരത്തിന് മർദനമേറ്റെന്ന് പരാതി. ലഹരി-ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്‌ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനാണ് മർദനമേറ്റത്. ഇയാളുടെ കൈക്കും കാലിനും ഒടിവുണ്ട്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത് . വിദ്യാർത്ഥിയുടെ പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദേശീയ സ്കൂൾ കായിക മേളയിൽ 100 X 4 റിലേയിൽ കേരളത്തിനു വേണ്ടി മത്സരിച്ച ഷാൻ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്റർ ഓട്ടത്തിലും മത്സരിച്ചിരുന്നു. ഷാനും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിൽ ലഹരി സംഘത്തിന്റെ ബൈക്ക് ഇടിച്ചു. ഇതു ചോദ്യം ചെയ്തതോടെയാണ് ഇവർ ഷാനെ മർദിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഷാൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. കായിക സ്കൂളിലേക്ക് പ്രവേശനം നേടാനുള്ള പരിശീലനത്തിലിരിക്കെയാണ് ഷാന് പരിക്കേറ്റത്.