അമൃത്സർ: പിറന്നാൾ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ്. കേക്കിൽ ഉയർന്ന അളവിൽ കൃത്രിമ മധുരം കണ്ടെത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് കാരണമായത് കേക്കിലുണ്ടായിരുന്ന സിന്തറ്റിക് മധുരമാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തിൽ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയർന്ന പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 24നായിരുന്നു പഞ്ചാബിൽ സ്വദേശിയായ 10 വയസുകാരി പിറന്നാൾ ആഘോഷത്തിന് പിന്നാലെ മരിച്ചത്. പട്യാലയിൽ നിന്നുള്ള ബേക്കറിയിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ചോക്ലേറ്റ് കേക്കായിരുന്നു മരണ കാരണം. കേക്ക് കഴിച്ച ദിവസം കുടുംബത്തിലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടർന്നായിരുന്നു കേക്കിന്റെ സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചത്.
കേക്കിൽ ഉയർന്ന അളവിൽ സാക്കറിൻ (saccharine) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സാധാരണയായി ഒട്ടുമിക്ക മധുരപലഹാരങ്ങളിലും ചേർക്കുന്ന കൃത്രിമ മധുരമാണ് സാക്കറിൻ. ചെറിയ അളവിൽ ചേർക്കുന്നത് പൊതുവെ വലിയ പ്രത്യാഘാതമുണ്ടാക്കാറില്ല. എന്നാൽ ഭക്ഷത്തിൽ ഇതിന്റെ അളവ് കൂടിയാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിരക്ക് പൊടുന്നനെ വർദ്ധിക്കുകയും ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. സാക്കറിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.