ന്യൂഡൽഹി: പോളിംഗിന് മുമ്പായി സംസ്ഥാനങ്ങളുടെ ഉഷ്ണ തരംഗത്തിന്റെ തോത് അവലോകനം ചെയ്യുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉയർന്ന കാലവസ്ഥ അനുഭപ്പെടുന്നതിനാലാണ് കമ്മീഷന്റെ നടപടി. പോളിംഗ് ബൂത്തിൽ എത്തുന്നവർ ഉഷ്ണതരംഗം ഏൽക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഈ മാസം 26ന് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. കാലാവസ്ഥാ വകുപ്പ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം എന്നീ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ടാസ്‌ക് ഫോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ പോളിംഗ് ഘട്ടത്തിനും അഞ്ച് ദിവസം മുൻപ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ കാലാവസ്ഥ മനസിലാക്കണം. ചൂടിന്റെ തോത്, പ്രദേശത്തെ ഈർപ്പത്തിന്റെ അളവ് എന്നിവയും മനസിലാക്കിയിരിക്കണം.
തിരഞ്ഞെടുപ്പ്് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനത്തിൽ എത്തിയത്. പോളിംഗ് ബൂത്തിൽ എത്തുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക, ഉഷ്ണ തരംഗം തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
പോളിംഗ് സ്‌റ്റേഷനുകളിൽ ടെന്റുകൾ, കുടിവെള്ളം, ഫാനുകൾ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, മുതിർന്ന പൗരൻമാർക്കുള്ള ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകും. വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥ മനസിലാക്കി വരികയാണ്. പോളിംഗ് സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന ഉയർന്ന താപനിലയെ ചെറുക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പോളിംഗ് ഉദ്യോഗസ്ഥർ, സുരക്ഷാ സേന, സ്ഥാനാർത്ഥികൾ, രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരോടൊപ്പം വോട്ടർമാരുടെ സുഖവും ക്ഷേമവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ- ജൂൺ മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഒപ്പം ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകളും നൽകും. രാജ്യത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കും. മെയ് 7, 13, 20, 25, ജൂൺ 1 തീയതികളിൽ അടുത്ത ഘട്ടം തെരഞ്ഞെടുപ്പും നടക്കും.