മലപ്പുറം: വളാഞ്ചേരിയിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ കർഷകന് വൻ നാശനഷ്ടം. കർഷകന്റെ 1,500-ഓളം കോഴികൾ ചത്തതായാണ് പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ ഫാമിലെ കോഴികളാണ് ചത്തത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്നലെ അഞ്ച് മണിക്കൂറുകളോളമാണ് വൈദ്യുതി ഓഫ് ചെയ്തത്. 11,500-ഓളം കോഴികളെയാണ് ഫാമിൽ അബ്ദുല്ല വളർത്തിയിരുന്നത്. ഇതിൽ 1,500 കോഴികളാണ് ചത്തൊടുങ്ങിയത്. മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ കനത്ത ചൂടിനൊപ്പം വെള്ളം കൂടി എത്തിക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.
മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകൻ പറയുന്നു. മുമ്പ് വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് ലഭിക്കാറുണ്ട്. ഈ വേളയിൽ വൈദ്യുതിക്കായി പ്രത്യേക സംവിധാനം സജ്ജമാക്കാറുണ്ട്. എന്നാൽ ഭാഗീകമായി വൈദ്യുതി വിച്ഛേദിച്ചതിനാലാണ് മുന്നറിയിപ്പ് നൽകാതിരുന്നതെന്നാണ് കെഎസ്ഇബിയുടെ വാദം.