ന്യൂൂഡൽഹി: സർക്കാർ സ്കൂളുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് എല്ലാ നിയമങ്ങളും ലംഘിച്ചെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സ്‌പോൺസേഡ്, എയ്ഡഡ് സെക്കൻഡറി, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പുതിയ നിയമനം നടത്താൻ സ്‌കൂൾ സർവീസ് കമ്മീഷനോട് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ ജനങ്ങളെ കബളിപ്പിച്ചത് എങ്ങനെയാണെന്ന് ബിജെപി തുറന്നുകാട്ടി. വെറും ആരോപണങ്ങൾ മാത്രമല്ല, ഇത് തെളിയിക്കപ്പെട്ടിരിക്കുന്നു. മമതയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ അഴിമതികൾ നടന്നു. 25,753 പേരുടെ ജോലിയാണ് തൃണമൂൽ കാരണം നഷ്ടമായത്. ജോലി നൽകുന്നതിന് പകരമായി അവർ പണം വാങ്ങുന്നു. ജോലിക്ക് പകരം ലാലു യാദവ് ഭൂമിയും മമത പണവും കൈക്കലാക്കുന്നു.
കോൺഗ്രസ് പാർട്ടി യുപിയിൽ നിന്നും ബിഹാറിൽ നിന്നും പരാജയഭയത്താൽ പിന്മാറുന്നു.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്ന വിഷയങ്ങളെ കുറിച്ചായിരിക്കണം കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നുത്. അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ നൂറ് ദിവസത്തെ പദ്ധതികൾ ഞങ്ങൾ ഇതിനകം തയാറാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത അഞ്ച് വർഷത്തേക്കുള്ള റോഡ്മാപ്പും ഞങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നിയമലംഘനം നടത്തിയ സ്കൂളിലെ ജീവനക്കാരോട് ആറാഴ്ചയ്‌ക്കകം ശമ്പളം തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ ഒമ്പത്, പത്ത്, പ്ലസ് വൺ, പ്ലസ് ടൂ ക്ലാസുകളിലെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും നിയമനങ്ങൾ അസാധുവാണെന്ന് ഹൈക്കോടതി അറിയിച്ചു.















