ന്യൂഡൽഹി: ഭരണഘടന ഒരിക്കലും മാറ്റാൻ സാധിക്കില്ലെന്ന് ലോക്‌സഭാ സ്പീക്കറും രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ ഓം ബിർള. പിന്നാക്ക വിഭാഗത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന മാറ്റുക, ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുക ഇതൊക്കെയാണ് കോൺഗ്രസിന്റെ ലക്ഷ്യങ്ങൾ. ഭരണഘടന ഒരിക്കലും മാറ്റാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമായി പറഞ്ഞിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾ നടത്താനും പട്ടികജാതിക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പിന്നാക്ക വിഭാഗത്തിലെ ജനങ്ങളുടെ അവകാശങ്ങൾ ആരെങ്കിലും സംരക്ഷിച്ചിട്ടുണ്ടെങ്കിൽ അത് മോദി സർക്കാരാണ്- ഓം ബിർള പറഞ്ഞു.
രാജസ്ഥാനിൽ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 19-നായിരുന്നു 12 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 13 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 26-ന് നടക്കും.















