അമരാവതി: വിവാഹ ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അതിഥികളെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ചു. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പെൺകുട്ടിയുടെ വീട്ടുകാർ തന്നെയാണ് തട്ടിക്കൊണ്ടുപോകാൻ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വധുവായ സ്നേഹയുടെ മാതാവ്, സഹോദരൻ, ബന്ധുക്കൾ എന്നിവർ കല്യാണഹാളിലേക്ക് കയറിവരികയും വധുവിനെ വേദിയിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ചവരെ മുളകുപൊടിയെറിഞ്ഞാണ് സംഘം ആക്രമിച്ചത്. അതിഥികളിൽ ഒരാൾക്ക് അതിഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ വരനും സുഹൃത്തുക്കളും വരന്റെ കുടുംബവും ചേർന്ന് ആക്രമണത്തെ ചെറുത്തു. ഇതോടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പരാജയപ്പെട്ടു. സംഭവത്തിൽ വരന്റെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്നേഹയുടെ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.















